Hot Posts

6/recent/ticker-posts

ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്



കൊല്ലം: അഞ്ചല്‍ ഏറം വെള്ളിശേരിയില്‍ ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഉത്രയുടെ ഭര്‍ത്താവ് സൂരജ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സൂരജിന്റെ സുഹൃത്ത്, ബന്ധു എന്നിവരും കസ്റ്റഡിയിലാണ്. മൂന്നു പേരുടെയും അറസ്റ്റ് ക്രൈംബ്രാഞ്ച് ഇന്ന് വൈകിട്ടോടെ രേഖപ്പെടുത്തുമെന്നാണ് വിവരം.

മേയ് ഏഴിനാണ് വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ കിടപ്പു മുറിയില്‍ പാമ്പു കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കണ്ട വിഷപ്പാമ്പിനെ തല്ലിക്കൊന്നു. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് വീട്ടുകാരുടെ സംശയം. മാത്രമല്ല മാര്‍ച്ച് രണ്ടിന് രാത്രി ഉത്രയക്ക് ഭര്‍ത്താവ് സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍വെച്ചും പാമ്പ് കടിയേറ്റിരുന്നു. മൂര്‍ഖന്‍ പാമ്പാണ് രണ്ടാംവട്ടം ഉത്രയെ കടിച്ചത്. ഉത്രയെ പാമ്പു കടിച്ച രണ്ടുതവണയും സൂരജ് ഒപ്പമുണ്ടായിരുന്നു.

യുവതിക്ക് തുടര്‍ച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നു റൂറല്‍ എസ്പി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എസ്പി ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. 

അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പു പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
പാമ്പുപിടുത്തക്കാരന്‍ സുരേഷില്‍ നിന്ന് 10,000 രൂപ കൊടുത്താണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവത്തില്‍ സൂരജിന്റെ അകന്ന ബന്ധുവിനും പങ്കുണ്ടെന്ന് കണ്ടെത്തി.

സൂരജ് വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും പരിശോധന നടത്തിയിരുന്നതായും ഇയാള്‍ക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായും പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം, ഭര്‍തൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്രയുടെ പിതാവ് രംഗത്തുവന്നു. മകളെ അവര്‍ പീഡിപ്പിച്ചിരുന്നെന്നും ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നെന്നും പിതാവ് ആരോപിച്ചു.


Reactions