Hot Posts

6/recent/ticker-posts

ബെവ് ക്യൂ ആപ്പ്; ബുക്കിങ് നാളെ മുതല്‍, മദ്യ വിതരണം വ്യാഴാഴ്ച ആരംഭിക്കും



തിരുവനന്തപുരം: ഏറെ അനിശ്ചിതത്തിനൊടുവില്‍ ബെവ് ക്യൂ ആപ്പ് ബുധനാഴ്ച മുതല്‍ പ്രവര്‍ത്തന സജ്ജമാകും. ബുധനാഴ്ച മുതല്‍ തന്നെ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാനും സാധിക്കും. ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് വ്യാഴാഴ്ച മുതല്‍ മദ്യം വാങ്ങാം. ഗൂഗിളിന്റെ അനുമതി ലഭിച്ചതിനാല്‍ ആപ്പ് ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറില്‍ അപ് ലോഡ് ചെയ്യും.  

സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ എസ്.എം.സ് സംവിധാനം ഉപയോഗിച്ചാണ് ബുക്കിങ്ങ് നടത്തേണ്ടത്. ഇതിനായി സര്‍ക്കാര്‍ ടെലികോം കമ്പനികളുമായി ചര്‍ച്ച നടത്തുകയാണ്. ഇക്കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടായേക്കും. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനം നടത്തി ഇക്കാര്യങ്ങള്‍ അറിയിക്കും. 

ഇന്ന് രാവിലെയോട് കൂടിയാണ് ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കിയത്. ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവര്‍ത്തനങ്ങള്‍. ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കള്‍ എത്തിയാല്‍ മദ്യം വാങ്ങാം. 

ഇ-ടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാലകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളില്‍ ഒരു തവണ മാത്രമേ മദ്യം നല്‍കൂ. തുടങ്ങിയ നിബന്ധനകളുമുണ്ട്. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും മദ്യം വില്‍ക്കുക. 


Reactions