പാലാ: കോവിഡ് കാലഘട്ടത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസ് സേനാംഗങ്ങളുടെയും ജീവിത അനുഭവങ്ങളും കോവിഡ് കാലത്ത് പൊതു ജനങ്ങള്‍ പാലിക്കേണ്ട കര്‍ത്തവ്യങ്ങളും ചുമതലകളും വിവരിക്കുന്ന കാഴ്ചയ്ക്കപ്പുറം എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാവുകയാണ്. ലോക്ഡൗണ്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് ചിത്രീകരിച്ച ടെലിഫിലിമിന് ഒരു മണിക്കൂറിലേറെ ദൈര്‍ഘ്യമുണ്ട്. അത്യന്തം അപകടകരമായ സാഹചര്യത്തിലും രാപകലില്ലാതെ നിസ്വാര്‍ത്ഥമായ സേവനം കാഴ്ചവയ്ക്കുന്ന പോലീസുകാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ജീവിതം ആരുടെയും കരളലിയിക്കും വിധമാണ് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.
കേരള പോലീസ് മേധാവി ലോകനാഥ് ബഹ്‌റ ഐപിഎസ് അവര്‍കളുടെ അനുവാദത്തോടെ കേരള പോലീസിന് വേണ്ടി പാലാ സബ്ബ് ഡിവിഷന്‍ നിര്‍മ്മിച്ച് കോട്ടയം ജില്ലാ പോലീസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ ജയദേവ് ജി ഐപിഎസ് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിജിപി മനോജ് എബ്രഹാം ഐപിഎസാണ് പോലീസിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ വഴി ചിത്രം റിലീസ് ചെയ്തത്.
ഏറെ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സാമോന്‍ പിണ്ണാക്കനാട് ആണ്, കഥ, തിരക്കഥ, സംഭാഷണം എന്നിവ ഡാനിഷ് പൂഞ്ഞാര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. പാലാ പോലീസ് സ്‌റ്റേഷന്‍ ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമായ സുരേഷ് വി എ (പാലാ എസ് എച്ച് ഒ), സാമോന്‍ പിണ്ണാക്കനാട് (ഡയറക്ടര്‍), ഡാനീഷ് പൂഞ്ഞാര്‍ (കഥ, തിരക്കഥ), തോമസ് സേവ്യര്‍ (പാലാ എസ് ഐ), അജീഷ് (പോലീസ് അസോസിയേഷന്‍ സെക്രട്ടറി), അനൂപ് എസ് (എസ് സി പി ഡി) തുടങ്ങിയവര്‍ പങ്കെടുത്തു.


