ന്യൂഡൽഹി: കർഷക സമരം ഒരു മാസം പിന്നിടുന്ന പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്കു തയാറായിരിക്കുകയാണ് കർഷക സംഘടനകൾ. ഡിസംബർ 29ന് കേന്ദ്രവുമായി ചർച്ച നടത്താമെന്നു കർഷക സംഘടനകൾ അറിയിച്ചതായാണു വിവരം. തുറന്ന മനസ്സോടെ ചർച്ചയാകാമെന്ന കേന്ദ്ര സർക്കാർ നിലപാടിനെപ്പറ്റി ആലോചിക്കാൻ 40 കർഷക സംഘടനകൾ യോഗം ചേർന്നാണു തീരുമാനമെടുത്തത്. ആറാം വട്ട ചർച്ചയാണ് ഇനി നടക്കാനിരിക്കുന്നത്.
കർഷകരുടെ ആവശ്യങ്ങളെ ഗൗരവമായല്ല സർക്കാർ എടുക്കുന്നതെന്നാണു മനസ്സിലാകുന്നതെന്നു കർഷക സംഘടനാ പ്രതിനിധിയും മുതിർന്ന നേതാവുമായ ശിവ്കുമാർ കക്ക പറഞ്ഞിരുന്നു. വീണ്ടും ചർച്ചയ്ക്കു സാഹചര്യമൊരുങ്ങണമെങ്കിൽ നിയമങ്ങൾ പിൻവലിക്കുകയാണു വേണ്ടത്. ആറാം വട്ട ചർച്ചയ്ക്കു തീയതി നിശ്ചയിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചതു സമരത്തിനെതിരായ പ്രചാരവേലയുടെ ഭാഗമാണ്. ചർച്ചയ്ക്കു കർഷകർക്കു താൽപര്യമില്ലെന്നു വരുത്താനാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കൃഷിക്കാരുടെ ഭൂമി തട്ടിയെടുക്കുമെന്നു ചിലർ കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുകയാണെന്നു പറഞ്ഞിരുന്നു.
