Hot Posts

6/recent/ticker-posts

അഭിഭാഷക ദമ്പതികളെ നടുറോഡിൽ വെട്ടിക്കൊന്നു - BMTV




ഹൈദരാബാദ് : കാറിൽ സഞ്ചരിക്കുകയായിരുന്ന അഭിഭാഷക ദമ്പതികളെ പിടിച്ചിറക്കി നടുറോഡിലിട്ട് വെട്ടിക്കൊന്നു.  തെലങ്കാനയിൽ സർക്കാരിനെതിരെ കേസുകൾ നടത്തുന്ന അഭിഭാഷക ദമ്പതികളെയാണ് വെട്ടിക്കൊന്നത്. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമൻ റാവു, ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭരണ കക്ഷിയായ ടിആർഎസാണ് കൊലയ്ക്കു പിന്നിലെന്ന് കുടുംബം ആരോപിച്ചതോടെ വൻ രാഷ്ട്രീയ വിവാദമായി മാറി.



പെഡപ്പള്ളി ജില്ലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് തെലങ്കാനയിൽ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയ ഇരട്ട കൊലപാതകം. സംസ്ഥാന സർക്കാരിനെതിരെയുള്ള കേസുകളും പൊതു താൽപര്യ ഹർജികളും നൽകി ശ്രദ്ധേയരായ ഗുട്ടു വാമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ നിന്നും ജൻമനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചുമറ്റൊരു കാറിലെത്തിയ സംഘം കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.
കാറിൽ നിന്നും പിടിച്ചറക്കി നിറയെ വാഹനങ്ങൾ കടന്നു പോകുന്ന ഹൈവേയിൽ ഇട്ടായിരുന്നു കൊലപാതകം. ഉടൻ തന്നെ അക്രമികൾ മറ്റൊരു കാറിൽ കയറി രക്ഷപെടുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തു എത്തി അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ അക്രമികളെ കണ്ടെത്താനായിട്ടില്ല. അതേസമയം കൊലപാതകത്തിന് പിന്നിൽ ഭരണ കക്ഷിയായ ടിആർഎസ് ആണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിച്ചു. ടിആർഎസ്. ഭരിക്കുന്ന മാന്താനി ജില്ലാ പരിഷത്ത് പ്രസിഡന്റിനു എതിരെ ദമ്പതികൾ തെലങ്കാന ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു.
കൂടാതെ കസ്റ്റഡി മരണങ്ങൾ ചോദ്യം ചെയ്തുള്ള ഇവരുടെ പൊതു താല്പര്യ ഹർജികൾ സർക്കാരിന് കടുത്ത സമ്മർദ്ദവും ഉണ്ടാക്കിയിരുന്നു. ഇതിന്റെ പേരിൽ വധഭീഷണി ഉണ്ടായിരുന്നുവെന്ന് ഗുട്ടുവാമൻ റാവുവിന്റെ പിതാവ് പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നു തെലങ്കാന ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസും, ബിജെപിയും രംഗത്തിയതോടെ സർക്കാർ സമ്മർദ്ദത്തിലായി.



Reactions