കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലംചെയ്തു. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരിശുദ്ധ ബാവായുടെ അന്ത്യം ഇന്നു പുലർച്ചെ 2.35ന് ആയിരുന്നു. പൗരസ്‌ത്യദേശത്തെ 91-ാം കാതോലിക്കായാണ് അദ്ദേഹം. 2020 ജനുവരിയിൽ അദ്ദേഹത്തിന് അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സ തേടി. കഴിഞ്ഞ ഫെബ്രുവരി 23 ന് കോവിഡ് പോസിറ്റീവായ അദ്ദേഹം രോഗമുക്തനായ ശേഷം അർബുദചികിത്സ തുടരുകയായിരുന്നു.
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ |
13 ന് രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍ കുര്‍ബാനയ്ക്കു ശേഷം പ്രത്യേകം തയാറാക്കിയ പന്തലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 3 ന് കബറടക്ക ശുശ്രൂഷ നടക്കും. സഭയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അശരണരെയും പാവപ്പെട്ടവരെയും ചേർത്തുനിർത്തുകയും അവർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കുകയും ചെയ്ത ബാവാ മനുഷ്യസ്നേഹത്തിന്റെയും സമത്വത്തിന്റെയും വക്താവായിരുന്നു. സഭാഭരണത്തിലും പള്ളി ഭരണത്തിലും സ്ത്രീകൾക്കു പങ്കാളിത്തം ഉറപ്പാക്കിയതും സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും 2011 ൽ വോട്ടവകാശം ഏർപ്പെടുത്തിയതുമാണ് ബാവായുടെ ഭരണപരിഷ്കാരങ്ങളിൽ പ്രധാനം.


