പാലാ: ജനറൽ ആശുപത്രിയിലെ ഹൃദ്‌രോഗവിഭാഗത്തിൻ്റെ പ്രവർത്തനം മുന്നറിയിപ്പില്ലാതെ നിലച്ചതു മൂലം തുടർ ചികിത്സ സാദ്ധ്യമാകാതെ പ്രതിസന്ധിയിലായത് നൂറു കണക്കിന് നിർധനരായ രോഗികൾ. ചികിത്സാ വിഭാഗം നിർത്തലാക്കിയത് അറിയാതെ തുടർ ചികിത്സയ്ക്ക് എത്തിയവർ നാരാശരായി മടങ്ങി. വലിയ ചതിയായി പോയി എന്ന് ആശുപത്രിയിൽ എത്തിയവർ പറഞ്ഞു. കണ്ണിൽ ചോരയില്ലാത്ത നടപടി എന്നാണ് രാമപുരം തോട്ടുചാലിൽ ടി.കെ.ഗോപിനാഥൻ പ്രതികരിച്ചത്.78 കാരനായ ഗോപിനാഥനോട് പ്രതിവാര പരിശോധനയ്ക്കായി എത്തണമെന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്. അതനുസരിച്ച് രാവിലെ ഡോക്ടറെ കാണുവാൻ മണിക്കൂറുകൾ ക്യൂ നിന്ന് മടുത്തപ്പോഴാണ് വിവരം തിരക്കിയത്. അപ്പോഴാണ് ഗോപിനാഥനും കൂട്ടരും അറിയുന്നത് ഇനി ആ ഡോക്ടർ ഇവിടെ ഇല്ല എന്ന്. കഴിച്ചു കൊണ്ടിരുന്ന മരുന്നുകൾ തീരുകയും ചെയ്തു. കിലോമീറററുകൾ അകലെയുള്ള മെഡിക്കൽ കോളജിലെ ഹൃദ് രോഗ ചികിത്സാ വിഭാഗത്തിൽ എത്തുവാൻ ടാക്സി കൂലി തന്നെ സഹിക്കാനാവുന്നതല്ല. അവിടെ വലിയ തിരക്കും '.സ്വകാര്യ ചികിത്സയ്ക്ക് കൈയ്യിൽ പണവും ഇല്ല. മീനച്ചിൽ താലൂക്കിലെ പട്ടികവർഗ മേഖലകളിലെ സാധാരണക്കാരുo ആശ്രയിച്ചിരുന്നത് ഈ ആശുപത്രിയിലെ ഹൃദ് രോഗവിഭാഗത്തെയായിരുന്നു.തുടർ ചികിത്സ ഇവിടെ തുടർന്നും ലഭിക്കുവാൻ ഇനി ആരോട് പരാതിപ്പെടുവാ നാണ് എന്നാണ് രോഗികൾ അധികൃതരോട് ചോദിച്ചത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യമന്ത്രിയ്ക്ക് നൽകിയ നിർദ്ദേശത്തിൽ പ്രതീക്ഷ അർപ്പിക്കുകയാണ് നഗരസഭയും ആശുപത്രി അധികൃതരും .ഡോക്ടറുടെ സേവനം തുടർന്നും ലഭിക്കുവാൻ ആവശ്യമായ ഇടപെടലിലാണ് മാനേജിംഗ് കമ്മിറ്റിയും .വർഷങ്ങളായി ഈ ആശുപത്രിയിൽ ഹൃദ്‌രോഗ ചികിത്സ തേടിക്കൊണ്ടിരുന്ന രോഗികൾക്ക് തുടർ ചികിത്സയ്ക്കായി എത്രയും വേഗം സൗകര്യം ലഭ്യമാക്കണമെന്ന് കൗൺസിലറും മുൻ നഗരസഭാ ചെയർപേഴ്സൺ മാരുമായ ബിജി ജോജോയും, ലീന സണ്ണിയും ആവശ്യപ്പെട്ടു.സ്ത്രീകൾ ഉൾപ്പെടെ രോഗികൾക്ക് വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫും ജനറൽ സെക്രട്ടറി ബെറ്റി ഷാജുവും പറഞ്ഞു.

