കൺസെഷൻ ടിക്കറ്റ് പുതുക്കാൻ മകളോടൊപ്പം എത്തിയ അച്ഛനെ മർദിച്ച കെഎസ്ആർടിസി ജീവനക്കാർ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് കോടതി ഈ മാസം 28ന് പരിഗണിക്കും.
പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമര്‍പിച്ച അപേക്ഷ അഡീ.സെഷൻസ് കോടതിക്ക് കൈമാറുകയായിരുന്നു.
തങ്ങൾ നിരപരാധികളാണെന്നും പരാതിക്കാരനായ പ്രേമനൻ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തെറ്റായ പരാതികൾ നൽകുന്നയാളാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികൾ ചൂണ്ടിക്കാട്ടി. പ്രേമനനെതിരെ വിവിധ കോടതികളിൽ കേസുകൾ നിലവിലുണ്ട്. മുൻകൂട്ടി ആസൂത്രണം ചെയ്തു ക്യാമറയുമായാണ് മറ്റൊരാളോടൊപ്പം പ്രേമനൻ സ്റ്റാൻഡിലേക്കു വന്നത്.
കെഎസ്ആർടിസി തൊഴിലാളികൾ മോശക്കാരാണെന്നു ചിത്രീകരിക്കാൻ വിഡിയോ ചിത്രീകരിച്ച് ഉടനെ മാധ്യമങ്ങൾക്കു കൈമാറുകയായിരുന്നെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. യൂണിയൻ നേതാക്കളായ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാനാണ് അറസ്റ്റു വൈകുന്നതെന്നാണ് ആരോപണം നിലനില്‍ക്കെയാണ് പ്രതികള്‍ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
പ്രതികളായ കണ്ടക്ടർ എൻ.അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെറീഫ്, സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷ്, അസിസ്റ്റന്റ് സി.പി.മിലന്‍ എന്നിവരാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.





