നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത്.
അതിജീവിതയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ചെയ്തു.
പോലീസിന് ലഭിച്ച ശബ്ദരേഖയില്‍ നിന്ന് പ്രതി ജഡ്ജിയുമായി ബന്ധംസ്ഥാപിച്ചു എന്ന് വ്യക്തമായതാണെന്നാണ് അതിജീവിതയുടെ ആരോപണം. ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ ശബ്ദരേഖയാണ് പോലീസിന് ലഭിച്ചത്.
എക്സൈസ് വകുപ്പില്‍ ജോലിചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുകയാണെന്നും അതിജീവിത സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ ആരോപിച്ചിട്ടുണ്ട്.
മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. ഇതിനോടകം രണ്ട് പബ്ലിക് പ്രോസിക്യുട്ടര്‍മാര്‍ കേസില്‍നിന്ന് പിന്മാറി. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് തടയാന്‍ സെഷന്‍സ് ജഡ്ജി തയ്യാറായില്ലെന്നും അതിജീവിത ആരോപിക്കുന്നു.
കേസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിലെ നിയമപ്രശനങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വസ്തുതകള്‍ ഒന്നും കണക്കിലെടുക്കാതെയാണ് കോടതി മാറ്റണമെന്ന തന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതെന്നും അതിജീവിത സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ വിശദീകരിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ്. എന്നാല്‍, സുപ്രീംകോടതി രജിസ്ട്രി അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ലിസ്റ്റ് ചെയ്തത്. നേരത്തെ കേസിലെ ചില പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ്.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണയുടെ പുരോഗതി സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജെ.കെ. മഹേശ്വരി എന്നിവരാണ് വിചാരണക്കോടതി ജഡ്ജിയോട് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. ഡിസംബര്‍ പതിമൂന്നിന് പുതിയ റിപ്പോര്‍ട്ട് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ വിചാരണ കഴിവതും ജനുവരി 31-നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോടതി നിര്‍ദേശിച്ചതനുസരിച്ച് നടപടി പുരോഗതി റിപ്പോര്‍ട്ട് വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സുപ്രീംകോടതി പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍, വിചാരണക്കോടതി ജഡ്ജി വിചാരണ പൂര്‍ത്തിയാക്കാന്‍ സാധ്യമായ പ്രയത്നം നടത്തുന്നതായി ജസ്റ്റിസ് ദിനേശ് മഹേശ്വരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.






