കേരള പൊലീസിനാകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണ കേസ് ഒത്തുതീർന്നു. മാമ്പഴ മോഷ്ടാവായ സിവിൽ പൊലീസ് ഓഫീസർ പി.വി ഷിഹാബിനെതിരെ പരാതിയില്ല എന്ന കച്ചവടക്കാരന്റെ ഹർജി കോടതി അംഗീകരിച്ചു.
ഐപിസി 379 പ്രകാരം ഉള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റന്റതാണ് ഉത്തരവ്. രണ്ടുദിവസമായി നടന്ന വാദത്തിന് ഒടുവിലാണ് പരാതിക്കാരൻ ഇല്ലെങ്കിൽ കേസ് ഒത്തുതീർപ്പാക്കാൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചതായും അതിനാൽ കേസ് മുന്നോട്ടു കൊണ്ടുപോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണമെന്നും പരാതിക്കാരനായ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.






