സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു നയിക്കുന്ന ജനചേതന യാത്രയ്ക്ക് പാലായിൽ സ്വീകരണം നൽകി. അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും ലഹരിക്കും എതിരെയാണ് സംസ്ഥാന ലൈബ്രറി കൗൺസിൽ ജനചേതന യാത്ര സംഘടിപ്പിക്കുന്നത്.
അന്ധവിശ്വാസ കൂരിരുൾ മാറ്റാൻ, ശാസ്ത്ര വിചാര പുലരി പിറക്കാൻ എന്ന സന്ദേശം ഉണർത്തി കൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും കാസർകോട് നിന്നും രണ്ടു മേഖല ജാഥകൾ ആരംഭിച്ചത്.
പാലായിൽ എത്തിച്ചേർന്ന ജാഥ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോക്ടർ സിന്ധുമോൾ ജേക്കബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ലാലിച്ചൻ ജോർജ് അധ്യക്ഷനായിരുന്നു.
തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി. മാണി സി കാപ്പൻ എംഎൽഎ സാംസ്കാരിക പ്രവർത്തകരെ ആദരിച്ചു. മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ആന്റോ ജോസ് പടിഞ്ഞാറക്കര ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ്, സെക്രട്ടറി എൻ ചന്ദ്രബാബു, പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് പി എം ജോസഫ്, പ്രൊഫസർ സതീഷ് ചൊള്ളാനി, ജോൺസൺ പുളിക്കീൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
മുപ്പതാം തീയതി ഈ രണ്ടു മേഖല ജാഥകളും തൃശൂരിൽ സംഗമിക്കും. ജാഥയുടെ ഭാഗമായി നാടകം, സംഗീതശില്പം, എന്നീ കലാപരിപാടികളും അവതരിപ്പിക്കുന്നുണ്ട്.






