പാലാ: നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ നഗരസഭയിലെ പ്രതിപക്ഷ ചേരിയിൽ നിന്നും രണ്ട് വോട്ട് കുറയുവാൻ ഇടയായതിലുള്ള ജാള്യത മറയ്ക്കുന്നതിനാണ് കിഴതടിയൂർ വാർഡിലെ മൂന്ന് കുട്ടികൾ മാത്രമുള്ള അംഗൻവാടിക്കായുള്ള പുതിയ പ്രതിപക്ഷ ആവശ്യമെന്ന് മുൻ ചെയർമാനും നഗരസഭാ കേരളാ കോൺഗ്രസ് (എം) പാർലമെൻ്റെറി പാർട്ടി ലീഡറുമായ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.
നഗരസഭയിലെ 13 കൗൺസിലർമാരുടെ വാർഡിലെ നിരവധി കുട്ടികൾ ഉള്ള അംഗൻവാടികൾ പോലും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇതിന് ഓരോന്നിനും 4000 രൂപ സർക്കാർ പ്രതിമാസ വാടകയും നൽകി വരുന്നുണ്ട്.
കേരള വനിതാ വികസന കോർപ്പറേഷൻ്റെ വനിതാ മിത്ര പ്രൊജക്ടിൽ ഉൾപ്പെടുത്തി ഹൈടെക് രീതിയിൽ പി.ഡബ്ല്യു.ഡി നിരക്കിൽ ഉയർന്ന വാടക ഈടാക്കി ഹോസ്റ്റൽ നടത്തിപ്പ് ചുമതല ഏറ്റെടുപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതറിഞ്ഞ് അത് ഇല്ലാതാക്കുവാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് മൂന്ന് കുട്ടികൾ മാത്രം പഠിക്കുന്ന അംഗൻവാടിക്ക് ഈ ബഹുനില മന്ദിരം വിട്ടുകൊടുക്കണമെന്നുള്ള പുതിയ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭയിൽ വന്ന വിഷയം കൂടുതൽ പഠനത്തിനായി മാററി വയ്ക്കുക മാത്രമാണ് ഉണ്ടായിരിക്കുന്നത്. ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവ ശേഖരിച്ച് അംഗൻവാടിക്ക് മാത്രമായി നവീന കെട്ടിടം നിർമ്മിക്കാമെന്നിരിക്കവെ അവരെയും കൂട്ടി സമരം ചെയ്ത് വാർത്ത സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല.
ചെയർമാൻ തെരഞ്ഞെടുപ്പിനു ശേഷം ജോസ്.കെ.മാണിക്കെതിരെ നടത്തിയ പ്രചാരണത്തിൻ്റെ മറപിടിച്ച് ഈ വിഷയത്തിലും വാർത്താ കവറേജിനായാണ് അംഗൻവാടിയുമായി ഇപ്പോൾ യു.ഡി.എഫ് ഇറങ്ങി തിരിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.







