ജനുവരി 23 ന് ടിംബർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പണിമുടക്കി പാലാ കുരിശുപള്ളിക്കവലയിൽ മഹാപ്രതിഷേധ സംഗമം നടത്തും.
പാലാ ടിംബർ മർച്ചന്റ് അസോസിയേഷൻ ഓഫീസ് അടിച്ചുതകർക്കുകയും ഭാരവാഹികളായ ജയിസൺ മുടക്കാലിയെയും സഹപ്രവർത്തകരെയും കമ്പി വടിയും മറ്റും ഉപയോഗിച്ച് മാരകമായി പരിക്ക് ഏൽപ്പിക്കുകയും, പരിക്കേറ്റവരെ പാലാ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ആശുപത്രിയിൽ എത്തിച്ച ഭാരവാഹികളെയും ആശുപത്രിയിൽ വന്ന ബന്ധുക്കളെയും വീണ്ടും ആശുപത്രിയിൽ വച്ച് പോലീസ് നോക്കി നിൽക്കെ ആക്രമിക്കുകയും ചെയ്ത സി പി എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെയുള്ളവരെ പാലാ പോലീസ് നിസാര വകുപ്പുകൾ പ്രകാരം കേസെടുക്കുകയും സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തതിനാൽ പ്രതിഷേധിച്ചും ,പ്രതികൾക്കെതിരെ പോലീസ് ശക്തമായ വകുപ്പുകളിട്ട് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മഹാപ്രതിഷേധ സംഗമം.
യോഗത്തിൽ ടിംബർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അസീസ് പാണ്ടിയാരപള്ളിൽ അദ്ധ്യക്ഷത വഹിക്കും. പ്രതിഷേധയോഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. മാണി സി.കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
ബി ജെ പി സംസ്ഥാന വക്കാവ് അഡ്വ:നാരായണൻ നമ്പൂതിരി, യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, ഡി.ഡി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, സോമിൽ അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.ആർ പ്രസാദ്, സിത്താര സോമിൽ അസോസിയേഷൻ കോട്ടയം ജില്ലാ രക്ഷാധികാരി ശശിധരൻ, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിക്കും.
റബർ ടിംബർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുരേഷ് ചെട്ടികുന്നേൽ, ടിംബർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജയ്മോൻ പുളിന്താനം, ടിംബർ മാർച്ചന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജയ്സൺ മുടക്കാലിൽ, ടിംബർ മാർച്ചന്റ് അസോസിയേഷൻ സെക്രട്ടറി റെജി പൊൻകുന്നം, ജിജി പറമുണ്ട എന്നിവരാണ് പത്രസമ്മേളനത്തിൽ വിവരങ്ങൾ അറിയിച്ചത്.






