പാലാ: കാണാതായ കാരുണ്യ പൊതുപ്രവർത്തകൻ സന്മനസ് ജോർജിനെ ഓർമ്മയില്ലാത്ത നിലയിൽ പാലായിൽ കണ്ടെത്തി. ഇന്ന് പതിനൊന്നോടെയാണ് പാലാ കിസ്ക്കോ ബാങ്കിന് സമീപം നിന്ന് സന്മനസ് ജോർജിനെ കണ്ടെത്തിയത്. പക്ഷെ സംഭവിച്ചതൊന്നും അദ്ദേഹം ഓർക്കുന്നില്ല.
പഴയ പരിചയക്കാരെ കാണുമ്പോൾ ഓർത്തെടുക്കുന്നുണ്ട്. ഇപ്പോൾ ജോർജ് പാലാ മരിയൻ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 9.30 നു പൈക റൂട്ടിലുള്ള പുതിയിടം ആശുപത്രിയിൽ, മുറിവ് ഉണ്ടായതിനെ തുടർന്ന് ചികിത്സയ്ക്കായി എത്തിയതായിരുന്നു. അവസാനമായി മൊബൈലിൽ സംസാരിച്ചതും അവിടെ വച്ചാണ്.
തുടർന്ന് ഫോൺ വിളിച്ചവർക്ക് ബെൽ അടിക്കുന്നുണ്ടെങ്കിലും ഫോൺ എടുക്കുന്നില്ലായിരുന്നു. തുടർന്ന് ഭാര്യ ലിസി പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ലോക്കേഷൻ നോക്കിയ പോലീസിന് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ കാഞ്ഞിരപ്പള്ളി ആനക്കല്ല് ഭാഗത്ത് സിഗ്നൽ ലഭിച്ചിരുന്നു. അത് പ്രകാരം മരിയ സദനം സന്തോഷ് ഉൾപ്പെടെ പരിശോധിക്കവെയാണ് പാലായിൽ നിന്ന് സന്മനസ് ജോർജിനെ കിട്ടിയതായി സന്ദേശം ലഭിച്ചത്.
കടുത്ത പ്രമേഹവും,രക്ത സമ്മർദ്ദവും ഉള്ള സന്മനസ് ജോർജിന്റെ ഷുഗർ ഇപ്പോൾ 60 ആയി കുറഞ്ഞിട്ടുണ്ട്.അതാണ് ഓർമ്മ കുറവ് വരുന്നത് എന്നാണ് ഡോക്റ്റർമാർ പറയുന്നത്.ഇപ്പോൾ മരിയൻ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ് സന്മനസ് ജോർജ്.









