Hot Posts

6/recent/ticker-posts

ബിയര്‍ ആരോഗ്യത്തിന് നല്ലത്...പക്ഷെ അമിതമാക്കേണ്ട....



മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നതിന്‍ സംശയമുള്ള കാര്യമല്ല. ഇത് മദ്യകുപ്പിയില്‍ തന്നെ എഴുതു വെച്ചിട്ടുണ്ടെങ്കിലും ആരോഗ്യത്തെ അത്രകണ്ട് ബാധിക്കാത്ത എന്നാല്‍ ശരീരത്തിന് ഗുണങ്ങള്‍ നല്‍കുന്ന മദ്യത്തിന്റെ കുടുംബത്തില്‍ പെടുന്ന ബിയറിനെ നമുക്കൊന്ന് അടുത്തറിയാം. 

വെള്ളം ചായ എന്നീ രണ്ടു പാനീയങ്ങള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ജനപ്രിയമായ മൂന്നാമത്തെ പാനീയം ബിയറുകള്‍ തന്നെയാണ്. ധാന്യങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിച്ചെടുക്കുന്ന ഈ മദ്യ ഉല്‍പ്പന്നം സ്ത്രീ പുരുഷഭേദമന്യേ പ്രിയപ്പെട്ട ഒന്നാണ്. മറ്റുള്ള ആല്‍ക്കഹോളിക് ഡ്രിങ്കുകളിലെ അപേക്ഷിച്ച് ബിയറുകളിലെ ലഹരിയുടെ അംശം താരതമ്യേന കുറഞ്ഞതായിരിക്കും.

അമിതമായാല്‍ അമൃതും വിഷമാണ് എന്ന് പറയുന്നതു പോലെ, ഗുണമുണ്ടല്ലോ എന്ന് കരുതി അങ്ങ് കുടി തുടങ്ങിയാല്‍ ബിയറും ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. ഇതിന്റെ ഉപയോഗം പരിധിയില്‍ കവിയാതെ നിലനിര്‍ത്തി കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ ബിയറിന്റെ ഉപയോഗം നമുക്കെല്ലാം ചില ആരോഗ്യ ഗുണങ്ങള്‍ നല്‍കും. വാസ്തവത്തില്‍ ഇവ കൂടുതല്‍ പോഷക ഗുണമുള്ളതും വീഞ്ഞിനേക്കാള്‍ അധികമായി വിറ്റാമിനുകള്‍ അടങ്ങിയിട്ടുള്ളതുമാണ്. ബിയറിന്റെ ചില ആരോഗ്യ ഗുണങ്ങള്‍...

ഹൃദയത്തെ സംരക്ഷിക്കുന്നു


മിതമായ അളവില്‍ ബിയര്‍ കുടിക്കുന്ന ശീലം നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പറയപ്പെടുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഒരു പരിധി വരെ ഇത് സഹായിക്കും എന്ന് കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ മികച്ച ഹൃദയാരോഗ്യത്തിനായി മിതമായ അളവില്‍ ബിയര്‍ കുടിക്കുന്നത് ശീലമാക്കിക്കോളൂ.

തലച്ചോറിന് ഉണര്‍വ് നല്‍കുന്നു

അല്പം ബിയര്‍ അകത്തു ചെല്ലുന്നത് നമ്മുടെയെല്ലാം തലച്ചോറിന് ഉണര്‍വ്വ് നല്‍കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. ഉല്‍ക്കണ്ഠകള്‍ കുറച്ചുകൊണ്ട് മികച്ച ഉറക്കം നല്‍കാനും പലപ്പോഴുമിത് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

വൃക്കയിലെ കല്ലുകളെ കുറക്കുന്നു


ബിയര്‍ കുടിക്കുന്നത് വഴി വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിയറുകളില്‍ ഫൈറ്റോകെമിക്കലുകളുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മിതമായ ഇതിന്റെ ഉപയോഗം കിഡ്‌നിയില്‍ കല്ലുകള്‍ ഉണ്ടാവുന്നത് കുറയ്ക്കാന്‍ സഹായിക്കും.

എല്ലുകളെ ശക്തിപ്പെടുത്തുന്നു

ഉയര്‍ന്ന അളവില്‍ സിലിക്കണ്‍ ഉള്ളടക്കം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളുടെ അസ്ഥികളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിച്ചേക്കാം. അസ്ഥി, ബന്ധിത കോശങ്ങള്‍ തുടങ്ങിയവയുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി ഓര്‍ത്തോസിലിക് ആസിഡിന്റെ (ഛഇഅ) ലയിക്കുന്ന രൂപത്തിലുള്ള ഡയറ്ററി സിലിക്കണ്‍ സുപ്രധാനമാണ്. അസ്ഥിസംബന്ധമായ രോഗങ്ങളെ ചെറുത്തു നിര്‍ത്തുന്നതിന് വേണ്ടി മിതമായ അളവില്‍ ബിയര്‍ കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഓസ്റ്റിയോപൊറോസിസ്, അസ്ഥികളുടെ ബലം കുറയുന്ന അവസ്ഥ തുടങ്ങിയവയെ പ്രതിരോധിക്കുന്നതിന് ഇത് സഹായിക്കും.

ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ നില കുറയ്ക്കും

ബിയറില്‍ അടങ്ങിയിരിക്കുന്ന ലയിക്കുന്ന ഫൈബര്‍ കണ്ടന്റുകള്‍ ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ സാധ്യത കുറയ്ക്കാന്‍ വലിയ രീതിയില്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താനും ഇതിന് വലിയ പങ്കുണ്ട്. ഇതിലെ ലയിക്കുന്ന ഫൈബര്‍ ശരീരത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും ശാരീരിക ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

പോഷകസമൃദ്ധം


ആല്‍ക്കഹോള്‍ അടങ്ങിയ മറ്റേതൊരു ഡ്രിങ്കിനേക്കാള്‍ കൂടുതല്‍ പോഷകാഹാര നില ബിയറിനുണ്ട്. സാധാരണയായി നാം ഉപയോഗിക്കുന്ന വൈനില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനുകളും വിറ്റാമിന്‍ ബി യും ഇതില്‍ അടങ്ങിയിട്ടുണ്ട്. അയണ്‍, കാല്‍സ്യം, ഫോസ്‌ഫേറ്റ്, ഫൈബര്‍ എന്നിവയും ബിയറില്‍ ചെറിയ അളവില്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

ഒരു ദിവസം ഒരു ഗ്ലാസ് ബിയര്‍ കുടിക്കുന്ന ശീലം ഉള്ളവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ സമ്മര്‍ദ്ദവും ഉത്കണ്ഠയുമെല്ലാം ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. എങ്കില്‍ തന്നെയും ദൈനംദിന സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടാനായി ബിയറില്‍ അഭയം കണ്ടെത്തുന്നത് ഒരു പരിഹാരമല്ല. മാത്രമല്ല പലപ്പോഴും ഇത്തരത്തിലുള്ള അമിത ഉപയോഗം ഉത്കണ്ഠകളേയും വിഷാദത്തേയും കൂടുതല്‍ വഷളാക്കുകയും ചെയ്യും.

മേല്‍ പറഞ്ഞവ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ ആണെങ്കില്‍ ദൈനംദിന ജീവിതത്തിലും ബിയര്‍ ഉപകാരിയാണ്...

വീടുകളില്‍ ഒച്ചിന്റെ ശല്യം അനുഭവിയ്ക്കുന്നവര്‍ക്ക് ബിയറില്‍ കുറച്ച് ഉപ്പ് ഇട്ട് ഒച്ചുള്ള സ്ഥലങ്ങളില്‍ കുറച്ച് തളിച്ചാല്‍ മതി. ചെടികളിലും മറ്റുമുള്ള ഒച്ചിന്റെ ശല്യം ഇതിലൂടെ ഇല്ലാതാക്കാം.

ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിനും ഒരു ഉത്തമ മാര്‍ഗമാണ് ബിയര്‍. കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ബിയര്‍ ഒഴിച്ച് കുളിച്ച് നോക്കൂ..ദുര്‍ഗന്ധത്തെ ഇല്ലാതാക്കും എന്ന് മാത്രമല്ല ചര്‍മ്മത്തെ സംരക്ഷിക്കാനും ബിയര്‍ നല്ലതാണ്.



തറ വൃത്തിയാക്കാനും ബിയര്‍ ഉപയോഗിക്കുന്നു. തറ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ അല്‍പം ബിയര്‍ ഒഴിച്ച് തറ തുടച്ചു നോക്കൂ. മാറ്റം കണ്ടറിയാം.

എത്ര വൃത്തിയാക്കിയിട്ടും പോകാത്ത കറയാണ് കാര്‍പ്പെറ്റിലെങ്കില്‍ അല്‍പം ബിയര്‍ ഒഴിച്ച് കഴുകി നോക്കൂ. ഏത് ഇളകാത്ത കറയേയും ബിയര്‍ ഇളക്കും.

മര ഫര്‍ണിച്ചറുകള്‍ക്ക് തിളക്കം നല്‍കാന്‍ ബിയര്‍ സഹായിക്കുന്നു. ഇവ വൃത്തിയാക്കാന്‍ അല്‍പം ബിയര്‍ ഉപയോഗിച്ചാല്‍ മതി.

സ്വര്‍ണത്തിന് തിളക്കം നല്‍കാന്‍ ബിയര്‍ ഉപയോഗിക്കാം. അല്‍പം ബിയര്‍ നിങ്ങളുടെ ആഭണത്തില്‍ ഒഴിച്ച് ഒരു തുണി കൊണ്ട് വൃത്തിയാക്കൂ. ഇത് ഏത് പഴയ സ്വര്‍ണത്തേയും തിളക്കമുള്ളതാക്കും.

തലയിണയുടെ ദുര്‍ഗന്ധം മാറ്റാന്‍ ബിയര്‍ ഉപയോഗിക്കാം. കിടക്കാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ബിയര്‍ തലയിണയില്‍ തളിച്ചാല്‍ മതി. അടുത്ത ദിവസം പച്ചവെള്ളത്തില്‍ കഴുകിയെടുക്കുക. ഏത് ദുര്‍ഗന്ധവും ഇല്ലാതാക്കും.





Reactions