Hot Posts

6/recent/ticker-posts

മദ്യവിതരണം പുനരാരംഭിച്ചപ്പോൾ പരാതിയുടെ പ്രവാഹം



കൊച്ചി : മദ്യവിതരണം പുനരാരംഭിച്ചെങ്കിലും മദ്യപാനികൾ വിഷമത്തിൽ തന്നെ. കൊറോണ കാലത്തേക്ക് മാത്രമായി മദ്യത്തിന്റെ വില സർക്കാർ വർധിപ്പിച്ചിരുന്നു. എന്നാൽ ആളുകൾ മദ്യം വാങ്ങാൻ ടോക്കണുമായി എത്തിയപ്പോൾ കുറഞ്ഞ വിലയ്ക്കുള്ള മദ്യം ലഭിക്കാത്തത് അവർക്ക് തിരിച്ചടിയായി.

ഫോർട്ട് കൊച്ചിയിലെ ഒരു ഔട്ട്ലെറ്റിൽ എത്തിയ മദ്യപനാണ് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്. സ്റ്റോക്കില്ലെന്നാണ് ഔട്ട്ലെറ്റിലെ ജീവനക്കാരൻ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിന്റെ തുടക്കത്തിൽ ലോറിയിൽ എത്തിയ മദ്യം തിരുവനന്തപുരത്തെ ഗോഡൗണിൽ ഇറക്കിവെയ്ക്കാൻ സ്ഥലമില്ലാതിരുന്നതിനാൽ റോഡ് സൈഡിൽ ഡ്രൈവർ കാവലിരുന്നതും മദ്യകുപ്പികൾ മോഷണം പോയതും വലിയ വാർത്ത ആയിരുന്നു. എന്നാൽ മദ്യവിൽപ്പന പുനരാരംഭിച്ചപ്പോൾ സ്റ്റോക്കില്ല എന്ന മറുപടിയാണ് ഔട്ട്ലെറ്റ് ഉദ്യോഗസ്ഥർ നൽകുന്നത്. കലൂരിലെ ഗോകുലം പാർക്കിലും ചില ബ്രാൻഡുകൾ ഇല്ലായെന്നും 750 രൂപയ്ക്ക് മുകളിലുള്ള മദ്യമാണ് ലഭിക്കുന്നതെന്നും അവിടെ നിന്നും മദ്യം വാങ്ങിയ ആൾ പറഞ്ഞു.

രാവിലെ 11 മണിയോടെയാണ് സംസ്ഥാനത്ത് മദ്യവിൽപ്പന ആരംഭിച്ചത്. ഗൂഗിൾ പ്ലേയിൽ ലഭ്യമായിട്ടുള്ള ബീറ്റ വേർഷൻ ആപ്പ് ഉപയോഗിച്ച് ടോക്കൺ  എടുത്തവർ പരാതിയുമായെത്തി. ബുക്കിങ്ങിനായുള്ള OTP ലഭിച്ചില്ല എന്നാണ് അവരുടെ പരാതി. OTP ലഭിക്കാത്തതിനാൽ ആപ്പിന് 1 സ്റ്റാർ റിവ്യൂ ഇടുവാനും തങ്ങളുടെ പരാതി കമെന്റ് ബോക്സിൽ രേഖപ്പെടുത്തുവാനും ഇവർ മറന്നില്ല.

സാങ്കേതികവിദ്യ നിരക്ഷരർ മദ്യത്തിനുള്ള ക്യുവിൽ നിന്നും പുറത്താക്കപ്പെട്ട കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ആപ്പ് ഉപയോഗിക്കാൻ അറിയാത്തതിനാൽ ബുക്കിങ് എങ്ങനെ ആണെന്നോ മദ്യം എങ്ങനെ ലഭിക്കുമെന്നോ അവർക്കറിയില്ല. എന്നിരുന്നാലും മദ്യം വാങ്ങി വരുന്നവരോട് മറിച്ച് വിൽക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തില്ല. പ്രായമായവർ പുറത്തിറങ്ങരുത് എന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം മറികടന്നാണ് ഇവർ മദ്യശാലകൾക്ക് മുന്നിൽ സ്ഥാനം പിടിച്ചത്.

അതേസമയം ആപ്പ് ഡൗണ്ലോഡ് ചെയ്യാൻ പ്ലേ സ്റ്റോറിൽ എത്തിയ ചിലർ നിരാശരായി. ഗൂഗിൾ ആപ്പിനെ ഇൻഡക്സ് ചെയ്യാത്തത് മൂലമാണ് സെർച്ച് ചെയ്യുമ്പോൾ ലഭിക്കാത്തതെന്ന് ഫെയർ കോഡ് ടെക്നോളജിസ് CFO നവീൻ ജോർജ് പറഞ്ഞു. അതിഥി തൊഴിലാളികളെ ആപ്പ് തഴഞ്ഞു എന്നാണ് അടുത്ത പരാതി. മലയാളം, ഇംഗ്ലീഷ് ഭാഷകൾ ഉപയോഗിച്ച് മാത്രമേ ടോക്കൺ എടുക്കാൻ സാധിക്കുകയുള്ളൂ. ഹിന്ദിയടക്കമുള്ള ഭാഷകൾ ഇല്ലാത്തതിനാൽ അതിഥി തൊഴിലാളികൾക്കും മദ്യം ബുക്ക് ചെയ്യാൻ സാധിക്കുന്നില്ല.

ഔട്ട്ലെറ്റുകളിലെയും ബാറുകളിലെയും QR കോഡ് സ്കാനർ പ്രവർത്തിക്കാത്തതും മദ്യവില്പനയെ സാരമായി ബാധിച്ചു. പലയിടങ്ങളിലും ടോക്കൺ നമ്പർ എഴുതിയെടുത്ത ശേഷമാണ് മദ്യം നൽകുന്നത്. QR കോഡ് സ്കാനറിന്റെ സഹായത്തോടെ മദ്യവിതരണം 2 മിനിറ്റിൽ തീരുമെങ്കിൽ ടോക്കൺ നമ്പർ എഴുതി എടുത്ത് അതിന് ശേഷം മദ്യം വിതരണം ചെയ്യുമ്പോൾ 8 മിനിറ്റോളം സമയം വേണ്ടി വരുന്നു.
Reactions