ന്യൂഡല്‍ഹി: രാജ്യത്ത് വലിയ വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് വരാന്‍ സാധ്യതയുണ്ടെന്നും, രോഗം മാസങ്ങള്‍ നീണ്ടു നില്‍ക്കാമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ നിര്‍ദേശം നല്‍കി.
രാജ്യത്ത് ഇതുവരെ സാമൂഹികവ്യാപനം ഉണ്ടായിട്ടില്ലെന്നും രോഗമുക്തി നിരക്ക് 49.2 ശതമാനമാണെന്നും അറിയിച്ചു. സര്‍വേ നടത്തിയ 83 ജില്ലകളിലെ ജനസംഖ്യയുടെ 0.73 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗബാധയുണ്ടായത്. ഒരു ലക്ഷം ജനങ്ങളെ കണക്കിലെടുത്താല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ മരണനിരക്ക് കുറവാണെന്നും ഐസിഎംആര്‍ അവകാശപ്പെട്ടു.
രാജ്യത്ത് വിവിധ നഗരങ്ങളിലും ചേരിപ്രദേശങ്ങളിലും രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ട്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ എന്നിവരെ പ്രത്യേകം പരിരക്ഷിക്കണം. സാമൂഹിക അകലം ഉള്‍പ്പെടെയുളള മുന്‍കരുതല്‍ നടപടികള്‍ ഗൗരവത്തോടെ കാണണം. എങ്കില്‍ മാത്രമേ ഗുരുതര സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കൂവെന്നും വ്യക്തമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട പഠനം സര്‍ക്കാര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇതു സംബന്ധിച്ച പഠനം തുടരുന്നു എന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.
