Hot Posts

6/recent/ticker-posts

ഇനി വഴി പറഞ്ഞ് തരാൻ അമിതാഭ് ബച്ചനും





സ്മാർട്ട്‌ഫോണും ടെക്നോളജിയുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായത് മുതൽ ഗൂഗിളിന്റെ നാവിഗേഷൻ ആപ്ലിക്കേഷനായ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവരാണ് നമ്മൾ. ഇക്കാലമത്രയും ഗൂഗിൾ ആന്റി എന്ന് നമ്മൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന സ്ത്രീ ശബ്ദം ആയിരുന്നു നമുക്ക് വഴികാട്ടി ആയിരുന്നത്. ഈ ശബ്ദം മാറുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ആണ് വരുന്നത്. ഗൂഗിൾ ആന്റിയുടെ ശബ്ദത്തിന് പകരം ഇനി ഇന്ത്യക്കാരുടെ സ്വന്തം ബിഗ് ബിയുടെ ശബ്ദം ഇനി വഴികൾ പറയും. 

ഗൂഗിളിന്റെ പുതിയ ശബ്ദമാകാൻ കമ്പനി ബോളിവുഡ് താരത്തെ സമീപിച്ചെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ഇത് സംബന്ധിച്ച് കരാറൊന്നും ഒപ്പിട്ടതായി സ്ഥിരീകരണമില്ല. 

നൂറുകണക്കിന് സിനിമകളിലും പരസ്യചിത്രങ്ങളിലും അഭിനയിക്കുകയും ഡബ്ബ് ചെയ്യുകയും ചെയ്തിട്ടുള്ള ബിഗ് ബിയുടെ പുതിയ റോളിനായി കാത്തിരിക്കുകയാണ് ആരാധകരും. വ്യത്യസ്തമായ ശബ്ദത്തിന് ഉടമയായ അമിതാഭ് ബച്ചൻ ഈ റോൾ ഏറ്റെടുത്താൽ ഉപയോക്താക്കൾക്കും പുതിയൊരു അനുഭവമായിരിക്കും. 

ലോകത്താകമാനം കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം ഉൾപ്പെടയുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതിനാൽ വീട്ടിൽ ഇരുന്ന് തന്നെയാവും റെക്കോർഡിങ്. അതേ സമയം അമിതാഭ് ബച്ചൻ ഹിന്ദിയിൽ മാത്രമായിരിക്കും ശബ്ദം കൊടുക്കുകയെന്നും റിപ്പോർട്ടുകൾ ഉണ്ട്.

നിലവിൽ അമേരിക്കൻ ഗായികയും പ്രാസംഗികയുമായ കരൺ ജേക്കബ്സണിന്റേതാണ് ഗൂഗിൾ മാപ്പിന്റെ ശബ്ദം. ഐഫോണിലെ സിരി വോയിസ് അസിസ്റ്റന്റിന് വേണ്ടി സംസാരിച്ചിരുന്നതും കരൺ തന്നെയാണ്. 
Reactions