കൊച്ചി: ബിനീഷ് കോടിയേരിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ്കേ സെടുത്തിരിക്കുന്നത്.ബിനീഷിൻറെ സ്വത്തുകൾ മരവിപ്പിക്കാനും ഇഡി നിർദേശം നൽകി. സ്വർണക്കടത്ത് കേസ്, ബംഗളൂരു ലഹരിമരുന്നു കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി ബിനീഷിനെതിരെ കേസെടുത്തത്.
കഴിഞ്ഞ ഒരുമാസമായി ബിനീഷ് കോടിയേരിക്കെതിരേ എൻഫോഴ്സ്മെൻറ് ഡയറക്ടേറേറ്റ് അന്വേഷണം നടത്തിവരികയായിരുന്നു. കമ്പനികളുടെ മറവിൽ ബിനാമി, ഹവാല ഇടപാടുകളിലൂടെ ബിനീഷ് സ്വർണക്കടത്ത് സംഘവുമായി ബസപ്പെട്ടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ബംഗളൂരുവിലെ ബി കാപ്പിറ്റൽ ഫൈനാൽഷൽ സൊലൂഷ്യൻസ്, ബി കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ് എന്നീ കമ്പനികളാണ് ബിനീഷിൻറെ പേരിലുള്ളത്.
തിരുവനന്തപുരത്തെ യുഎഎഫ്എക്സ് എന്ന സ്ഥാപനത്തിൽ ബിനീഷിനു പങ്കുണ്ടെന്ന ആരോപണവുമുണ്ട്. ഈ കമ്പനിയെ കോൺസലേറ്റിനു പരിചയപ്പെടുത്തിയതു താനാണെന്നു സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രധാന പ്രതി കൊച്ചി സ്വദേശി അനൂപ് മുഹമ്മദും ബിനീഷും തമ്മിലുള്ള അടുത്ത ബന്ധം ഇതിനിടെ പുറത്തുവന്നിരുന്നു. സ്വർണക്കടത്ത് സംഘം ഫണ്ട് കണ്ടെത്താൻ അനൂപ് ഉൾപ്പെട്ട മാഫിയയുടെ സഹായം തേടിയതായും വിവരം ലഭിച്ചിരുന്നു.
