തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ വടക്കൻ കേരളത്തിൽ മഴ ശക്തമാകും. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടും കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണുള്ളത്. ഈ ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഓരോ സംഘത്തെ നിയോഗിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. നിലവിൽ 2376.68 ആയി. അണക്കെട്ടിന്റെ ആകെ സംഭരണശേഷിയുടെ 80.57 ശതമാനമാണിത്. മുല്ലപ്പെരിയാറിൽ 125.75 അടിയായി ജലനിരപ്പ് ഉയർന്നു.
മഴ ശക്തമായതോടെ നാല് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. ലോവർ പെരിയാർ, കല്ലാർകുട്ടി, കുണ്ടറ, മലങ്കര എന്നീ ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്. മലങ്കരഡാമിന്റെ ആറ് ഷട്ടറുകൾ പത്ത് സെ.മി വീതമാണ് തുറന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരദേശത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് നിർദ്ദേശം.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മലമ്പുഴ ,പോത്തുണ്ടി ഡാമുകൾ രാവിലെ 9 മണിക്ക് തുറക്കും. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതമാണ് തുറക്കുന്നത്. മലമ്പുഴ 113.59 മീറ്ററും പോത്തുണ്ടി 106.2 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്.
