ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,605 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. 1,133 പേർ മരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 54,00,620 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്.
രാജ്യത്ത് 86,752 പേർ കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയപ്പോൾ 43,03,044 പേർ രോഗമുക്തി നേടി. 10,10,824 പേർ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിലാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.
അതേസമയം കോവിഡ് രൂക്ഷമായിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ അവലോകനയോഗം. ബുധനാഴ്ചയാണ് യോഗം. വീഡിയോ കോൺഫറന്‍സിംഗ് മുഖേനയാണ് യോഗം ചേരുന്നത്.
