അരുവിത്തുറ :- മഴയുടെ താളവും പുഴയുടെ ഓളവും കുരുന്നുകളുടെ ഹൃദയതാളവുമായി താദാത്മ്യം പ്രാപിക്കുന്ന അപൂർവ്വനിമിഷങ്ങളൊരുക്കി അരുവിത്തുറ സെൻ്റ് മേരീസ്. മലയും മഞ്ഞും മഴയും പുഴകളുമെല്ലാം മനുഷ്യജീവിതത്തിൻ്റെ ജീവനാഡികളാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനത്തിൽ ഉദ്ദേശിക്കുന്നത്. പരിസ്ഥിതി സൗഹൃദ മനസ്സ് കുരുന്നു ഹൃദയങ്ങളിൽ രൂപപ്പെടുത്തുന്ന സെൻ്റ് മേരീസിൻ്റെ പുതിയ കാൽവയ്പാണ് "മഴയുടെ വഴിയിൽ പുഴയ്ക്കൊരു കാവൽ '' വെബിനാർ. അരുവിത്തുറ സെന്റ് മേരീസ് എൽ. പി. സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും മീനച്ചിലാർ നദീസംരക്ഷണസമിതിയുടെയും ആഭിമുഖ്യത്തിൽ വെബിനാർ 24ന് 3മണി മുതൽ നടത്തപ്പെടുന്നു. പ്രശസ്ത സാമൂഹിക, പരിസ്ഥിതി പ്രവർത്തകൻ ശ്രീ. എബി പൂണ്ടിക്കുളം നയിക്കുന്ന വെബിനാറിൽ സ്കൂൾ മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അധ്യക്ഷത വഹിക്കും. അരുവിത്തുറ സെന്റ്. ജോർജ് കോളേജ് ബർസാർ റവ. ഫാ. ജോർജ് പുല്ലുകാലായിൽ മഴമാപിനി സമർപ്പണം നടത്തും. പരിസ്ഥിതി ബോധമുള്ള, നാടിൻറെ നന്മക്കായി കൈകോർക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമ്യ അഭിപ്രായപ്പെട്ടു.
