തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 7,871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 6,910 പേർക്ക് രോഗം ബാധിച്ചു. 640 കേസുകളുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 111 ആരോഗ്യ പ്രവർത്തകർക്കു രോഗം ബാധിച്ചു. 60,494 സാംപിൾ ഇന്നു പരിശോധിച്ചു. 87,738 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം മെച്ചപ്പെട്ട നിലയിലാണ്. 10 ലക്ഷത്തിൽ 99 ആളുകളാണു മരിച്ചത്. ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.3. കേരളത്തിൽ 7.2 ശതമാനം ആണ്. ഇതേ വരെ സ്വീകരിച്ച ജാഗ്രതയും നടപടിയും വെറുതെ ആയില്ല. ജാഗ്രത കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. ജാഗ്രതക്കുറവ് ഉണ്ടാകുന്നതിന്റെ ഭാഗമായി രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
