Hot Posts

6/recent/ticker-posts

പോസ്റ്റ് കൊവിഡ് സെന്ററുകൾ തുറക്കാനൊരുങ്ങി കേരളം


തിരുവനന്തപുരം: കേരളത്തിൽ പോസ്റ്റ് കൊവിഡ് സെന്ററുകൾ ഒരുക്കാൻ മാർഗനിർദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ് . രോഗം ഭേദമായവരിൽ 10 ശതമാനം പേർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ശ്വാസം മുട്ടൽ, ശക്തമായ നെഞ്ചിടിപ്പ്, ശരീരത്തിൽ നീര്, തടിപ്പ് തുടങ്ങിയ ശാരീരിക പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽത്തന്നെ 3 ശതമാനം വരെ ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ കണ്ടു വരുന്നതായും കണക്കുകൾ. 

സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആശുപത്രികളിൽ സെന്ററുകൾ ആരംഭിക്കും. കൊവിഡ് ഭേദമായവരിലെ ശാരീരിക പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥയനുസരിച്ചായിരിക്കും സെന്ററുകളിലേക്ക് അയക്കുക. ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവരെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും ശക്തമായ ശ്വാസം മുട്ടൽ, നെഞ്ചിടിപ്പ്, നീര്, തടിപ്പ് എന്നിവ ഉള്ളവരെ മെഡിക്കൽ കോളജ് പോസ്റ്റ് കൊവിഡ് സെന്ററിലേക്കും മാറ്റും. വിദഗ്ധ സംഘമാണ് സെന്ററുകളിൽ ഉണ്ടാവുക. കൂടാതെ രോഗം  ഭേദമായവരിൽ ഹൃദ്രോഗം, ന്യൂറോ പ്രശ്നങ്ങൾ എന്നിവക്ക് സാധ്യതയുള്ളതായി വിദഗ്ധ സംഘം സർക്കാരിന് നേരത്തെ നൽകിയ റിപ്പോർട്ടിൽ പറയുന്നു. രോഗികളിലെ മാനസിക സംഘർഷങ്ങളും മറ്റു മാനസിക പ്രശ്നങ്ങളും ലഘൂകരിക്കാനുള്ള കൗൺസിലിങ്ങും സെന്ററുകളിൽ ഉണ്ടാവുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Reactions