144 ഉള്‍പ്പെടെ അടിയന്തരാവസ്ഥ പോലുള്ള കര്‍ക്കശനിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് നിലനില്‌ക്കേ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താന്‍ അനുയോജ്യ സാഹചര്യമെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിധി സമ്പാദിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ മനുഷ്യന്റെ ജീവന് വിലകല്പിക്കണമെന്ന് കെ.സി.ബി.സി. ടെമ്പറന്‍സ് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള. തെരഞ്ഞെടുപ്പ് പ്രതികരണ ജാഗ്രത നേതൃയോഗം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.
തെരഞ്ഞെടുപ്പിന് അനുയോജ്യസമയമാണെങ്കില്‍ എന്തിന് ആരാധനാലയങ്ങളും വിദ്യാലയങ്ങളുമടക്കം അടച്ചിട്ട് നിയന്ത്രണമേര്‍പ്പെടുത്തണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ നിലപാട് മൂലം സര്‍ക്കാരിന് മറ്റെന്തോ മറയ്ക്കാനായിരുന്നു ഈ നിയന്ത്രണങ്ങള്‍ എന്ന് ജനം തെറ്റിദ്ധരിപ്പിക്കപ്പെടും.
വോട്ടിംഗ് മെഷീനില്‍ വിരലമര്‍ത്തുന്ന പ്രക്രിയയില്‍ മുന്‍കരുതല്‍ സ്വീകരിച്ചാലും അപകടരഹിതമല്ലെന്ന് എങ്ങനെ ജനം വിശ്വാസമര്‍പ്പിക്കും. ഏപ്രിലില്‍ നടക്കേണ്ടിയിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം ഈ തെരഞ്ഞെടുപ്പ് കൂടി നടത്തിയാല്‍ പൊതുജനത്തിന്റെ നികുതിപണത്തേയും ആരോഗ്യത്തേയും സംരക്ഷിക്കാന്‍ സാധിക്കില്ല. സര്‍ക്കാരും കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനുള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളും മനുഷ്യന്റെ ജീവനും സ്വത്തിനും മുന്‍ഗണന നല്‍കണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുകള്‍ തോറും മദ്യത്തിന്റെയും വ്യാജമദ്യത്തിന്റെയും കുത്തൊഴുക്ക് ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് എക്‌സൈസ്-പോലീസ്-ഫോറസ്റ്റ്-റവന്യു സംവിധാനങ്ങള്‍ കര്‍ക്കശ പരിശോധനകളും നടപടികളും സ്വീകരിക്കണം. തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും മദ്യം ഉപയോഗിച്ചുള്ള പ്രചരണ പരിപാടികള്‍ നടത്തുന്നതിനെതിരെ ശക്തമായ നിയമനടപടികള്‍ക്ക് മുന്‍കൈ എടുക്കും.
ഫാ. മാത്യു പുതിയിടത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസ് കവിയില്‍, അലക്‌സ് കെ. എമ്മാനുവേല്‍, ജെസ്സി ജോസ്, സായു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
