തിരുവനന്തപുരം : സൈബർ ആക്രമണങ്ങളിൽ തളർന്ന് പിന്നോട്ട് പോകില്ലെന്നും അർഹമായ ജോലിക്ക് വേണ്ടിയാണ് സമരമെന്നും പിഎസ്‌സി നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സർവന്‍റ്സ് റാങ്ക് ഹോൾഡേഴ്സ് നേതാവ് ലയ രാജേഷ്. എല്ലാം നഷ്ടപ്പെടുമെന്ന നിമിഷത്തിലാണ് കരഞ്ഞുപോയത്. സമൂഹമാധ്യമങ്ങളിൽ ആക്ഷേപിക്കുന്നതു പോലെ നാടകം കളിക്കാനല്ല ഇവിടെ വന്നതെന്നും ലയ രാജേഷ് പറഞ്ഞു.
സമരത്തിനിടയിൽ ലയ രാജേഷും സുഹൃത്ത് ഡെൻസി റിത്തുവും മാറി നിന്നു കരയുന്ന ചിത്രം വൈറലായതിനു പിന്നാലെ നിരവധി ആളുകൾ ലയ രാജേഷിനെതിരെ അധിക്ഷേപവുമായി സമൂഹമാധ്യങ്ങളിൽ രംഗത്തെത്തിയിരുന്നു. പിഎസ്‌സി നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികക്കാർ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാർഥികൾ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയതിനു പിന്നാലെയാണ് ലയ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞത്. പുതിയൊരു ന്യൂസ് വരുമ്പോൾ നിങ്ങൾ മാധ്യമങ്ങൾ അതിന്റെ പിന്നാലെ പോകും പക്ഷേ, ഞങ്ങളുടെ വിഷമം, ഞങ്ങളുടെ സങ്കടക്കണ്ണീർ ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? ജീവകാരുണ്യപ്രവർത്തനം താൽക്കാലികക്കാരോടു മാത്രമല്ല വേണ്ടത്. ഞങ്ങളെപ്പോലുള്ള സാധാരണക്കാരോടും വേണം. എന്റെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ്. ഇതു രണ്ടാം തവണയാണ് തിരുവനന്തപുരത്തു സമരത്തിനു വരുന്നത്. അർഹമായ ജോലിക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടുകമായല്ല പ്രവർത്തിക്കുന്നതെന്നും ലയ രാജേഷ് പറയുന്നു. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിന്റെ പേരിൽ സമരം അവസാനിപ്പിക്കില്ല. ഞങ്ങൾക്കു വേണ്ടത് നിയമനങ്ങളാണെന്നും ലയ രാജേഷ് വ്യക്തമാക്കി.


