ഇന്ത്യൻ സിനിമ ചരിത്രത്തിൽ പുതിയ നാഴികക്കല്ലാകുവാൻ 'തിരികെ' പ്രദർശനത്തിനെത്തുന്നു. ഫെബ്രുവരി 26 മുതൽ മുൻനിര മലയാളം ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് തിരികെ റിലീസ് ചെയ്യുക. 'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള'യ്ക്ക് ശേഷം ജോർജ് കോരക്കൊപ്പം സാം സേവ്യറും ഒന്നിച്ചപ്പോളാണ് പതിവിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രം പിറവിയെടുത്തത്. ഡൗൺ സിൻഡ്രം ബാധിച്ച സെബുവിന്റെയും സഹോദരൻ തോമയുടെയും ജീവിത സാഹചര്യങ്ങളിലൂടെ ആണ് ഈ സിനിമ കടന്നുപോകുന്നത്.
ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഡൗൺ സിൻഡ്രമുള്ള ഒരാൾ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സെബു ആയി അഭിനയിക്കുന്ന ഗോപി കൃഷ്ണൻ തന്നെ തന്റെ കഥാപാത്രത്തിന് ശബ്ദം നൽകുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രാധാന ആകർഷണീയത. ഡൗൺ സിൻഡ്രം ഉള്ള ഒരു വ്യക്തി എന്ന രീതിയിൽ ചിത്രീകരിക്കാതെ സാധാരണ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന പ്രണയം, നർമ്മം എന്നിവയെല്ലാം ചേർത്താണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലൂടെ 'സഹതപിക്കപ്പെടേണ്ടവരല്ല ആഘോഷിക്കപ്പെടേണ്ടവരാണ് ഈ കുഞ്ഞുങ്ങൾ' എന്ന വലിയ ഒരു ആശയമാണ് 'തിരികെ' മുന്നോട്ടുവെക്കുന്നത്.