പാലാ: പാലായെ ഇളക്കിമറിച്ച് യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ സമാപിച്ചു. മൂന്നാം ഘട്ട പ്രചാരണ പരിപാടികൾക്കു ഇന്ന് ബൂത്ത് കൺവൻഷനോടുകൂടി തുടക്കമാവും. ജനഹൃദയങ്ങൾ കീഴടക്കിയ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ ഭവന സന്ദർശന പരിപാടി ഇന്നലെ മേലുകാവിൽ നടന്നു. മേലുകാവിലെ വിവിധ സ്ഥാപനങ്ങൾ ആദ്യം സന്ദർശിച്ചു.
യു ഡി എഫ് നേതാക്കളും തദ്ദേശസ്വയംഭരണസമിതി അംഗങ്ങളും മാണി സി കാപ്പനെ അനുഗമിച്ചു. മാണി സി കാപ്പൻ എത്തുന്നതറിഞ്ഞ് ആബാലവൃദ്ധം ജനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ എത്തിചേർന്നു. 16 മാസംകൊണ്ട് മേലുകാവിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മാണി സി കാപ്പൻ വിശദീകരിച്ചു. തുടർ വികസനത്തിനായി വിഭാവനം ചെയ്ത പദ്ധതികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പാലായുടെ വികസനം നഗര കേന്ദ്രീകൃതമാകാതെ എല്ലായിടത്തും എത്തിക്കുമെന്നും കാപ്പൻ പറഞ്ഞു. മേലുകാവ് ബിഷപ്പ്സ് ഹൗസിൽ എത്തി ബിഷപ്പ് വി എസ് ഫ്രാൻസിസിൻ്റെ അനുഗ്രഹം തേടി. ബിഷപ്പ് കെ ജെ സാമുവലിനെ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.

