ന്യൂഡൽഹി: കർഷക സമരത്തെ പിന്തുണച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്. യുപി, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ബിജെപിക്ക് ലഭിക്കുന്ന പിന്തുണ കർഷക സമരത്തോടുള്ള വിരുദ്ധ നിലപാടിൽ നഷ്ടപ്പെടുമെന്നും മാലിക് പറയുന്നു. ‘ഒരു നായ്ക്കുട്ടി മരിച്ചാൽപ്പോലും ആദരാജ്ഞലികൾ അർപ്പിക്കപ്പെടും. എന്നാൽ 250 കർഷകരാണ് ഇതുവരെ മരിച്ചത്. ഒരാൾ പോലും ആദരാഞ്ജലി അർപ്പിച്ചില്ല’ – ഗവർണർ പറഞ്ഞു.
കർഷക സരമം ഇതുപോലെ ദീർഘകാലം മുന്നോട്ടുപോകുകയാണെങ്കിൽ ബിജെപിക്ക് പല സ്ഥലങ്ങളിലെയും പിന്തുണ നഷ്ടപ്പെടുമെന്നും. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും മാലിക് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘കർഷകരെ വെറുംകയ്യോടെ മടക്കി അയയ്ക്കരുത്. സർക്കാർ തുറന്ന മനസ്സോടെ അവരോട് ഉടൻ സംസാരിക്കണം.
ഗവർണർ സ്ഥാനം ഇല്ലെങ്കിലും താൻ പ്രതികരിക്കും. സർക്കാരിന് ദോഷം വരുത്തുകയാണ് താൻ ചെയ്യുന്നതെന്ന ചിന്തയുണ്ടെങ്കില്‍ ഞാൻ മാറിനിൽക്കാം. കർഷകരുടെ ഈ അവസ്ഥ കാണാൻ വയ്യ. ജനങ്ങൾ എംഎൽഎമാരെ മർദ്ദിക്കുന്ന അവസ്ഥയാണ്. അതിനാൽ ബിജെപി നേതാക്കൻമാർക്ക് അവരുടെ ഗ്രാമങ്ങൾ വിട്ടു പുറത്തുപോകാൻ കഴിയാത്ത അവസ്ഥയുണ്ട്. സർക്കാരിന് ദോഷം വരുത്തണമെന്ന് ചിന്തിക്കുന്നവരാണ് ഇതിൽ മാറ്റമുണ്ടാകരുതെന്ന് കരുതുന്നവർ. എന്റെ പ്രസ്താവനകൾ പാർട്ടിക്ക് ദോഷം ചെയ്യില്ല. എന്നാൽ ആരെങ്കിലും തങ്ങൾക്കുവേണ്ടി സംസാരിക്കാനുണ്ടെന്ന് കർഷകർക്കു തോന്നുകയും ചെയ്യും’ അദ്ദേഹം കൂട്ടിച്ചേർത്തു. 370ാം അനുച്ഛേദം റദ്ദാക്കിയ സമയം ജമ്മു കശ്മീരിന്റെ ഗവർണർ ആയിരുന്നു മാലിക്. ഇവിടുന്ന് ഗോവയിലേക്കാണ് കേന്ദ്രം സ്ഥലംമാറ്റിയത്. ഗോവൻ സർക്കാരുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ മേഘാലയയിലേക്കു മാറ്റുകയായിരുന്നു..
