കൊച്ചി: വീടുകളിൽ നിന്നു സമാഹരിക്കുന്ന പോസ്റ്റൽ വോട്ടുകൾ, വോട്ടിങ് യന്ത്രം സൂക്ഷിക്കുന്നതിനു സമാനമായി കനത്ത സുരക്ഷയിൽ വയ്ക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് സ്ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. കെ. മുരളീധരൻ (നേമം), ആനാട് ജയൻ (വാമനപുരം), ദീപക് ജോയ് (വൈപ്പിൻ) എന്നിവർ നൽകിയ ഹർജി ഇന്നു പരിഗണിച്ചേക്കും.
ജയ, പരാജയങ്ങൾ നിർണയിക്കുന്നതിൽ പോസ്റ്റൽ വോട്ട് നിർണായകമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി. ഓരോ മണ്ഡലത്തിലും ഇത്തവണ 7000– 8000 പേർക്ക് പോസ്റ്റൽവോട്ട് അർഹതയുണ്ട്. പലയിടത്തും നാലായിരത്തോളം പേർ ഈ സൗകര്യം വിനിയോഗിച്ചു. 5000ൽ താഴെ ഭൂരിപക്ഷം വരാറുള്ള മണ്ഡലങ്ങൾ പലതുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

