Hot Posts

6/recent/ticker-posts

ക്ഷേത്ര ദർശനത്തിനിടെ സാരിയില്‍ തീപിടിച്ച വീണ എസ്. നായരെ ചേർത്തുപിടിച്ച് പ്രിയങ്ക - BMTV




തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെ സാരിയില്‍ തീപിടിച്ച വീണ എസ്. നായര്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ കരുതല്‍. പ്രവര്‍ത്തകര്‍ സമ്മാനിച്ച ഷാള്‍ വീണയെ പുതപ്പിച്ച പ്രിയങ്ക തുടര്‍ന്നുള്ള യാത്രയില്‍ ഒപ്പംകൂട്ടി. ഒരു ചേച്ചിയുടെ കരുതലാണ് പ്രിയങ്ക നല്‍കിയതെന്ന്  വീണ സമൂഹമാധ്യമത്തിൽ കുറിച്ചു.



ആറ്റുകാല്‍ ക്ഷേത്രനട അടയക്കുന്നതിന് തൊട്ടുമുമ്പാണ് പ്രിയങ്ക ഗാന്ധിയും വീണ എസ്. നായര്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരും എത്തിയത്. തിക്കിലും തിരക്കിലുംപെട്ട് എല്ലാവരും വലഞ്ഞു. നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെയാണ് വീണയുടെ സാരിയില്‍ തീപിടിച്ചത്.
ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്നവര്‍ തീ അണച്ചു. ഉടന്‍തന്നെ പ്രിയങ്ക തനിക്ക് കിട്ടിയ ഷാള്‍ വീണയ്ക്കു നല്‍കി. അപ്രതീക്ഷിത അപകടത്തില്‍ പകച്ച സ്ഥാനാര്‍ഥിയെ വാഹനത്തിലേക്ക് ക്ഷണിച്ചു. പൂന്തുറയിലെ സമ്മേളനത്തിന് ശേഷം താമസസ്ഥലത്ത് എത്തുന്നതുവരെ പ്രിയങ്ക വീണയെ ഒപ്പം കൂട്ടി. പ്രിയങ്കയുടെ തിരുവനന്തപുരത്തെ പര്യടനം ആസൂത്രണമില്ലായ്മമൂലം സമയക്രമം പാലിക്കാനായിരുന്നില്ല. തീരദേശമേഖലയിലെ റോഡ് ഷോ പോലും നിശ്ചയിച്ചരീതിയില്‍ പൂര്‍ത്തിയാക്കാനായില്ല. ഇതിനിടെയുള്ള തിരക്കിലാണ് വീണയ്ക്ക് അപകടം സംഭവിച്ചത്.

അപകടത്തെപ്പറ്റി വീണ നായർ പറയുന്നതിങ്ങനെ

എത്ര വൈകിയാണെങ്കിലും ഇത് നിങ്ങളോട് പങ്കുവയ്ക്കാതെ ഉറങ്ങില്ല എന്ന വാശിയോടെയാണ് ഞാൻ ഈ കുറിപ്പ് എഴുതിയത്. ആറ്റുകാൽ ദേവി ക്ഷേത്ര നടയിൽ സ്ഥാനാർഥിയായ എനിക്ക് പ്രിയങ്കജിക്കൊപ്പം പ്രാർത്ഥിക്കാൻ ഇന്ന് അവസരം ലഭിച്ചു. നേരത്തെ തീരുമാനിച്ചത് പ്രകാരം കെ മുരളീധരൻസാറിനൊപ്പം ഞാൻ ആറ്റുകാൽ നടയിൽ കാത്തു നിൽക്കുകയായിരുന്നു. പ്രീയങ്കജി എത്തിയത് മാത്രമേ അറിഞ്ഞുള്ളു. അസഹനീയമായ ഉന്തും തള്ളും. സ്ഥാനാർഥിയാണ് എന്ന് പറഞ്ഞപ്പോൾ കൂടെയുള്ളവർ പ്രിയങ്കജിയുടെ അടുത്തേക്ക് പോകാൻ അനുവദിച്ചു. നാരങ്ങാ വിളക്കിൽ പ്രിയങ്ക തിരി കൊളുത്താൻ നിൽക്കുമ്പോൾ പുറകിലെ ഉന്തിലും തള്ളിലും എന്റെ സാരിയിൽ തീപിടിച്ചത് ഞാൻ അറിഞ്ഞില്ല . കോട്ടൺ സാരിയിൽ തീ ആളിപടരുമ്പോൾ പരിഭ്രാന്തി പടർന്നു.
പിന്നിൽ നിന്ന് എസ്പിജി ഉദ്യോഗസ്ഥരോ മറ്റോ ആണ് തീ കെടുത്തിയത്. നല്ല ഭാഗം തീ കത്തിയ എൻറെ സാരി ആകെ അലങ്കോലമായി. ഉടനെത്തന്നെ പ്രിയങ്കജി തന്നെ കൈയിലുണ്ടായിരുന്ന പാർട്ടിപ്രവർത്തകർ നൽകിയ ഷാൾ എൻറെ മേൽ പുതപ്പിച്ചു. പിന്നെ എൻറെ കൈ മുറുകെ പിടിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ കൊണ്ടുനടക്കുന്ന വാത്സല്യത്തോടെ പ്രാർത്ഥിക്കാൻ കൊണ്ടുപോയി.
പ്രാർത്ഥന കഴിഞ്ഞു തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ ഒരു അത്യാവശ്യ വിഷയം പ്രിയങ്കജിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഉണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞതും കാറിൽ കയറാൻ പറഞ്ഞു. വഴിമധ്യേ കാര്യം ശ്രദ്ധയിൽപ്പെടുത്തി. വഴിയോരത്തു കാത്ത് നിൽക്കുന്ന പതിനായിരങ്ങളോട് സൺറൂഫിൽ നിന്നും കൈ വീശുമ്പോൾ എന്നോടും കൂടെ എഴുന്നേറ്റു നിൽക്കാൻ പറഞ്ഞു. അല്പം മടിച്ചുകൊണ്ടു ഞാൻ സാരിയുടെ കാര്യം വീണ്ടും ഓർമിപ്പിച്ചു. പ്രിയങ്കജി ധരിച്ചിരുന്ന മഞ്ഞ ചുരിദാറിന്റെ ഷാൾ എനിക്ക് നേരെ നീട്ടികൊണ്ടു ഇത് പുതച്ചാൽ മതി എന്ന് പറഞ്ഞു.
കുറച്ചു മണിക്കൂർ പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്നേഹവും സാന്ത്വനവും ഞാൻ അറിഞ്ഞു, അനുഭവിച്ചു. ഇന്ത്യക്കു വേണ്ടി ജീവൻ ബലികഴിച്ച രാജീവിന്റെ മകൾ , ഇന്ദിരയുടെ കൊച്ചുമകൾ.... എന്നെ പോലെ സാധാരണക്കാരിയായ ഒരു കുട്ടിക്ക് നൽകിയ പരിഗണന ..സ്നേഹം, കരുതൽ.. എനിക്ക് വാക്കുകളില്ല. കഴിഞ്ഞു പോയ മണിക്കൂറുകൾ സ്വപ്നമല്ല എന്ന് ഞാൻ എന്നെ ഇപ്പോഴും ബോധ്യപ്പെടുത്തുകയാണ്. ഈ പ്രസ്ഥാനം തകരില്ല .. ഈ പ്രസ്ഥാനം തളരില്ല . ഇത് ഇന്ദിരയുടെ പ്രസ്ഥാനമാണ്.. ഇത് പ്രിയങ്കയുടെയും രാഹുലിന്റെയും ലക്ഷ കണക്കിന് സാധാരണക്കാരുടെയും പ്രസ്ഥാനമാണ്.
Reactions