തിരുവനന്തപുരം: നിയമസഭയുടെ ഉൽപന്നമായ കിഫ്ബിയെ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ടെന്നു കരുതി എവിടെയും കയറാമെന്നു കരുതരുതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ നെയ്യാറ്റിൻകര, അമ്പലത്തറ, കഴക്കൂട്ടം എന്നിവിടങ്ങളിലായി തിരഞ്ഞെടുപ്പു പ്രചാരണ സമ്മേളനങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘‘കിഫ്ബി വഴിയുള്ള വികസന പദ്ധതികൾ നാടാകെ സ്വാഗതം ചെയ്തപ്പോൾ യുഡിഎഫിനും ബിജെപിക്കും മാത്രം എതിർപ്പാണ്. യുഡിഎഫ് വല്ലാതെ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു കൊടുക്കാം എന്ന നിലയാണു ബിജെപിക്കുള്ളത്. ഈ ധാരണയുടെ ഭാഗമാണു കേന്ദ്ര ഏജൻസികളുടെ ഇടപെടൽ. അവർ എന്തോ ചെയ്തു കളയുമെന്ന മട്ടിലാണു വന്നത്. ലോകം തന്നെ അംഗീകരിക്കുന്ന സാമ്പത്തിക വിദഗ്ധരാണു കിഫ്ബിയുടെ ബോർഡിലുള്ളത്. അത്തരം പ്രഫഷനൽ സ്ഥാപനത്തെ ഓലപ്പാമ്പു കാട്ടി വിരട്ടാനാവില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘ബിജെപിയെ കേരളത്തിൽ പ്രതിരോധിക്കുന്നതു യുഡിഎഫ് അല്ല, എൽഡിഎഫ് ആണ്. ബിജെപിക്കു നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ സഹായിച്ച പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചു. മതത്തിന്റെ പേരിൽ പൗരത്വം നിഷേധിക്കുന്ന പൗരത്വ നിയമത്തിനെതിരെ സർക്കാരിനൊപ്പം സമരത്തിനിറങ്ങാൻ പോലും പ്രതിപക്ഷം തയാറായില്ല. നാലു വോട്ടിനായി ബിജെപിയോടു കൂട്ടുകൂടുന്ന സമീപനം എൽഡിഎഫ് ഒരിക്കലും സ്വീകരിക്കില്ല. ഈ സർക്കാർ ജനക്ഷേമ–വികസന പ്രവർത്തനങ്ങൾ പരമാവധി ചെയ്തു എന്ന വിലയിരുത്തലാണു ജനങ്ങൾക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരമേഖലയിൽ ദുരിതമനുഭവിച്ചവർക്കൊപ്പം സർക്കാർ ഉണ്ടായിരുന്നെന്നും 5000 കോടി രൂപയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ചെന്നുമെല്ലാം പ്രസംഗത്തിൽ വിഷയമാക്കിയെങ്കിലും അമേരിക്കൻ കമ്പനിയുമായുള്ള ആഴക്കടൽ മത്സ്യബന്ധന കരാർ മുഖ്യമന്ത്രിയുടെ ഓഫിസ് അറിഞ്ഞാണെന്ന പുതിയ വെളിപ്പെടുത്തൽ സംബന്ധിച്ച് അദ്ദേഹം ഒന്നും പരാമർശിച്ചില്ല. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികളായ കെ.ആൻസലൻ, വി.ശിവൻകുട്ടി, ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, വിവിധ കക്ഷിനേതാക്കൾ എന്നിവർ പ്രസംഗിച്ചു.

