Hot Posts

6/recent/ticker-posts

നിസാരമായി എടുക്കരുത് ; പ്രാര്‍ത്ഥനയും ഈശ്വരനും മാത്രമെ കൂട്ടിനുണ്ടാകു അനുഭവം പങ്കുവച്ച് ഗണേഷ് കുമാര്‍ - BMTV




കൊല്ലം:  'ഈ രോഗം വരരുത് വന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ പോലും ചിലപ്പോള്‍ ഫലിച്ചില്ലെന്ന് വന്നേക്കാം. അപ്പോള്‍ പ്രാര്‍ത്ഥനയും ഈശ്വരനും മാത്രമെ നിങ്ങളുടെ കൂട്ടിനുണ്ടാകു'. ഇതു പറയുന്നത് മറ്റാരുമല്ല. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ആണ്. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് കോവിഡ് മുക്തനായ ഗണേഷ് കുമാര്‍ തന്റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. 

കോവിഡ് മുക്തനായ ശേഷം തനിക്ക് നേരിടേണ്ടി വന്ന അനുഭവം അദ്ദേഹം വിഡിയോ പങ്കുവച്ച് തുറന്നു പറയുന്നു. ‘രോഗം വന്നവർക്ക് ഇത് അറിയാം. ചിലർക്ക് വല്യ പ്രശ്നങ്ങളില്ലാതെ വന്നു പോകുമെങ്കിലും ഇത് ന്യുമോണിയയിലേക്കും മറ്റും കടക്കുന്നൊരു അവസ്ഥ വന്നാൽ മരണത്തെ മുഖാമുഖം കാണുന്ന സ്ഥിതിയുണ്ടാകും.
മറ്റു രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ രോഗത്തിന് നമ്മൾ ആശുപത്രിയിൽ കിടന്നാൽ ഒരു മുറിയിൽ കിടക്കാനെ കഴിയൂ. സഹായത്തിന് ഒരു ബൈസ്റ്റാൻഡറു പോലും ഉണ്ടാവില്ല. പിപിഇ കിറ്റ് ധരിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണം മാത്രമേ ഉണ്ടാകൂ. അവരുടെപോലും മുഖം തിരിച്ചറിയാനാകില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഒപ്പമുണ്ടാകില്ല.
രോഗത്തിന്റെ സ്വഭാവം എപ്പോൾ വേണമെങ്കിലും മാറാം. ഒറ്റപ്പെട്ട മാനസികാവസ്ഥയിൽ പ്രാർഥനയും ദൈവവും മാത്രമേയുള്ളൂ. നിങ്ങൾ വളരെയധികം ശ്രദ്ധിക്കാനായാണ് ഞാൻ ഇത് പറയുന്നത്. നിസ്സാരമായി ഈ രോഗത്തെ കാണരുത്. ഇത് നമ്മളെ ശാരീരികമായും മാനസികമായും ആകെ തളർത്തും. വന്നു കഴിഞ്ഞു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിലും നല്ലത് വരാതിരിക്കാൻ കരുതൽ എടുക്കുന്നതാണ്.’– ഗണേഷ് പറ‍ഞ്ഞു. ഒറ്റപ്പെട്ടുപോകുമെന്നും പരിചയമുള്ള ഒരു മുഖവും സഹായത്തിന് ഉണ്ടാവില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. നിസാരമായി എടുക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിക്കുന്നുണ്ട് അദ്ദേഹം.

Reactions