മലപ്പുറം : വളര്‍ത്തുനായയെ ടാറിട്ട റോഡിലൂടെ സ്കൂട്ടറില്‍ കെട്ടിവലിച്ച് വീണ്ടും കണ്ണില്ലാത്ത ക്രൂരത. മലപ്പുറം എടക്കരയില്‍ നാട്ടുകാര്‍ ചേര്‍ന്ന് നായയെ രക്ഷിച്ചെങ്കിലും ചോരയൊലിപ്പിച്ച് തളര്‍ന്നുവീണ മിണ്ടാപ്രാണിയെ വീട്ടുകാര്‍തന്നെ വീണ്ടും കടത്തിക്കൊണ്ടുപോയി. ചെരുപ്പ് കടിച്ചു കേടുവരുത്തി എന്നതാണ് നായയുടെ പേരില്‍ ഉടമ കരുനെച്ചി സ്വദേശി സേവ്യര്‍ ആരോപിക്കുന്ന കുറ്റം.
ചെരുപ്പ് കടിച്ചു കേടു വരുത്തിയതിലുള്ള ദേഷ്യത്തിലാണ് നായയെ സ്കൂട്ടറിനു പിന്നില്‍ കെട്ടി വലിച്ചതെന്നാണ് സേവ്യര്‍ നാട്ടുകാരോടു പറഞ്ഞത്. എങ്ങനെയോ വീട്ടിലെത്തി കുടുംബവുമായി ചങ്ങാത്തത്തിലായ നായയോടുള്ള ദേഷ്യംകൊണ്ട് നാടു കടത്താന്‍ വേണ്ടിയാണ് സ്കൂട്ടറിനു പിന്നില്‍ കെട്ടിയതെന്നും പറഞ്ഞിരുന്നു. ചെരിപ്പ് കടിച്ചുവലിച്ചതിനു വളർത്തുനായയെ സ്കൂട്ടറിൽ കെട്ടി വലിച്ച സംഭവത്തിൽ ഉടമയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. മലപ്പുറം എടക്കരയ്ക്കു സമീപം വെസ്റ്റ് പെരുങ്കുളത്ത് ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഉടമസ്ഥനും ബന്ധുവും സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കയറുകെട്ടി 3 കിലോമീറ്റർ ദൂരമാണ് നായയെ വലിച്ചിഴച്ചത്. കണ്ണില്ലാ ക്രൂരത കണ്ട് നാട്ടുകാർ ഇടപെട്ടതോടെയാണു വിവരം പുറംലോകമറിഞ്ഞത്. മിണ്ടാപ്രാണിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന കാഴ്ചകണ്ട നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇവരോടെല്ലാം ഉടമസ്ഥൻ തട്ടിക്കയറുകയായിരുന്നു. തുടർന്നു പൊതുപ്രവർത്തകൻ ഉമ്മർ വളപ്പന്റെ നേതൃത്വത്തിൽ വെസ്റ്റ് പെരുങ്കുളത്ത് വച്ച് വാഹനം തടഞ്ഞാണു നായയെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ രോഷാകുലരായതോടെ സ്കൂട്ടറിൽനിന്നു കെട്ടഴിച്ചുവിട്ട നായയെ പിന്നീട് ഉടമസ്ഥൻ വീട്ടിലേക്കു കൊണ്ടു പോകുകയായിരുന്നു. ദൃശ്യങ്ങൾ ഇതിനിടയിൽ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു.
തൃശൂർ സ്വദേശിനിയായ അനിമൽ വെൽഫെയർ ഓഫിസർ സാലി വർമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സ്കൂട്ടർ ഓടിച്ചിരുന്നത് എടക്കര കരുനെച്ചി സ്വദേശി സേവ്യറാണെന്നും ഒപ്പമുണ്ടായിരുന്നത് ഇയാളുടെ ബന്ധുവാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രി ഇയാളുടെ വീട്ടിലെത്തിയ എമർജൻസി റെസ്ക്യു ഫോഴ്സ് ടീം നായയുടെ പരിചരണം ഏറ്റെടുത്തിട്ടുണ്ട്.
