തിരുവനന്തപുരം: മഹാവ്യാധിയുടെ മറവില്‍ ജനങ്ങളുടെ മടിശീല കുത്തിക്കവരുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തില്‍ മരണ സംഖ്യ ഉയരുമ്പോള്‍ പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയാധികാരം മുഴുവന്‍ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്ക് നല്‍കുന്ന നടപടിയെ വിമര്‍ശിച്ചുകൊണ്ട് തോമസ് ഐസക് രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
മഹാവ്യാധിയുടെ ആധിയില്‍ കഴിയുന്ന ജനങ്ങളുടെ മടിശീല കുത്തിക്കവരാനിറങ്ങുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ മഹാശാപമാണ്. കോവിഡ് പടര്‍ന്നു പിടിച്ച് മരണസംഖ്യ പെരുകുന്ന ഈ സമയത്ത് പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയാധികാരം മുഴുവന്‍ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്ക് കൈമാറാന്‍ മോദിയ്ക്കും കൂട്ടര്‍ക്കുമല്ലാതെ ആര്‍ക്കു കഴിയും? പാവപ്പെട്ടവന്റെ ജീവന്‍ വൈറസ് എടുത്തോട്ടെ, പണമുള്ളവന്‍ മാത്രം അതിജീവിച്ചാല്‍ മതിയെന്നാണ് മോദിയും സംഘവും നിര്‍ലജ്ജം പ്രഖ്യാപിക്കുന്നത്. ഈ നയത്തിന് പാട്ട കൊട്ടി പിന്തുണ പാടാന്‍ നമ്മുടെ നാട്ടിലും ആളുണ്ട് എന്നതാണ് അതിനേക്കാള്‍ ലജ്ജാകരം.
കോവിഡ് കാരണം സംസ്ഥാന സര്‍ക്കാരുകള്‍ വലിയ പ്രതിസന്ധിയിലാണ്. അപ്പോഴാണ് ഇരുട്ടടിയായി കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാംഘട്ട കോവിഡ് വാക്‌സിന്‍ പോളിസി പ്രഖ്യാപിക്കപ്പെട്ടത്. പുതുതായി പ്രഖ്യാപിച്ച 18-45 വയസ്സ് ഗ്രൂപ്പില്‍പ്പെട്ട എല്ലാപേരുടെയും വാക്‌സിനേഷന്റെ സാമ്പത്തിക ഭാരം മുഴുവനും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം.
ഇത് എങ്ങനെയാണ് സംസ്ഥാനങ്ങളെ ബാധിക്കുക? 2011 -ല്‍ സെന്‍സസ് പ്രകാരം 18-45 ഏജ് ഗ്രൂപ്പില്‍ ഏകദേശം 46 കോടി പേരുണ്ടായിരുന്നു. നിലവില്‍ എന്തായാലും കുറഞ്ഞത് 50 കോടി പേരെങ്കിലും ഈ ഏജ് ഗ്രൂപ്പില്‍ കാണും. ഇന്ന് സീറം ഇന്‍സ്റ്റിട്യൂട്ട് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സിന് പ്രഖാപിച്ചിരിക്കുന്ന വില ഒറ്റ ഡോസിന് 400 രൂപ. രണ്ടു ഡോസിന്റെ വില കണക്കാക്കിയാല്‍ ആകെ ചിലവ് 40,000 കോടി രൂപയാകും.
