ചിക്കമംഗളൂരു: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാരുകൾ മുന്നോട്ടു പോകുന്നതിനിടെയാണ് ബീയർകുപ്പികൾ വാരിക്കൂട്ടുന്ന ജനക്കൂട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മറിഞ്ഞ കിടക്കുന്ന ഒരു ലോറിയിൽനിന്നു മദ്യകുപ്പികൾ എടുക്കാൻ തിക്കും തിരക്കും കൂട്ടുന്ന ഒരു പറ്റം ആളുകളെയാണ് വിഡിയോയിൽ കാണുന്നത്.
കർണാടകയിലെ ചിക്കമംഗളുരുവിൽ ഏപ്രിൽ 20 നാണ് ലോറി അപകടത്തിൽപ്പെട്ടത്. നൻജൻഗുണ്ടിലെ ഒരു ഡിസ്റ്റിലറിയിൽനിന്നു ഷിമോഗയിലേക്കു പോകുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞത്. ലോറിയുടെ ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് ലോറിയിൽ ബിയർ കുപ്പികളാണെന്ന് അറിഞ്ഞ് കോവിഡ് മാനദണ്ഡങ്ങൾ പോലും മറികടന്ന് തടിച്ചുകൂടിയത്. മാസ്കു പോലും ധരിക്കാതെ എത്തിയവർ സാമൂഹിക അകലമെല്ലാം മറന്ന് കയ്യിൽ കിട്ടിയ കുപ്പികളെല്ലാം എടുത്ത് അവിടെനിന്നും പോയി. മറിഞ്ഞത് ബിയർകുപ്പിയുമായി പോയ ലോറിയാണെന്ന് അറിഞ്ഞ് കൂടുതൽ ആളുകൾ സ്ഥലത്തെത്തി തിരക്ക് കൂട്ടി.
