മകൾ ആൻസി എംബിബിഎസ് പഠനം പൂർത്തീകരിച്ച് ഹൗസ് സർജൻസി കഴിഞ്ഞ് വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കിടാൻ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിൽ സന്തോഷത്തോടോപ്പം താൻ നടന്നു കയറിയ ജീവിതത്തിന്റെ കണ്ണീരും ചോരപൊടിയുന്ന അനുഭവങ്ങളും പങ്കുവച്ചിരിക്കുകയാണ് ടി.എൻ. പ്രതാപൻ എംപി. ചെറുപ്പത്തിൽ സ്‌കൂളിൽ കൊണ്ടുപോയ ആദ്യത്തെ സ്ലേറ്റ് ഇപ്പോഴും ഓർമയിലുണ്ട്. പൊട്ടിയത്, അയൽപക്കത്തെ കുട്ടിയുടെ പഴയ സ്ലേറ്റ്; സ്ലേറ്റിൽ എഴുതുന്ന ചോക്കു പെൻസിലുകൾ മുറിഞ്ഞ പൊട്ടുകളാണ്. ആദ്യം ലഭിച്ച പാഠപുസ്തകത്തിന്റെ തുടക്കത്തിലെയും ഒടുക്കത്തിലെയും താളുകളുണ്ടാവില്ല. മണ്ണ് പുരണ്ടതും കുത്തിക്കുറിച്ചതുമായ പുസ്തകങ്ങൾ. മകളുടെ വിദ്യാഭ്യാസത്തിലും ജീവിതത്തിലെ ബുദ്ധിമുട്ടിയേറിയ സന്ദർഭങ്ങളിലും താങ്ങും തണലുമായി നിന്ന നിരവധി പേർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അദേഹത്തിന്റെ ഹൃദയ സ്പർശിയായ കുറിപ്പ് അവസാനിപ്പിക്കുന്നത്.
വലിയ മനസ്സിനുടമകളായ ചിലരോട് എനിക്കൊരിക്കലും വീട്ടാനാവാത്ത കടപ്പാടുകളായി അവളുടെ പഠനം മാറുകയായിരുന്നു. അതുകൊണ്ട് എനിക്ക് ഒരു കാര്യം ഉറപ്പാണ്. അവൾ വെറുതെ ഒരു ഡോക്ടർ ആവില്ല. പാവങ്ങൾക്കും അശരണർക്കും സാന്ത്വനം നൽകുന്ന ഒരാളായി അവൾ മാറും. അത് അവളെ പഠിപ്പിച്ചവരുടെ സുകൃതഫലം കൂടിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ മഹാമാരിക്കാലത്തും സന്നദ്ധ സേവനത്തിന് അവൾ തയാറാണ്. ഏത് വിഷമഘട്ടത്തിലും ആശ്വാസമാകുന്ന ഒരു മനസ്സ് അവൾക്കുണ്ടാകണമെന്നാണ് എന്റെ പ്രാർത്ഥന, അവളുടെ സാന്നിധ്യം തന്നെ സാന്ത്വനമാകുന്ന ഒരു നല്ല കാലമാണ് എന്റെ സ്വപ്നമെന്നും പ്രതാപൻ കുറിക്കുന്നു. മാതാ അമൃതാനന്ദമയി, രമേശ് ചെന്നിത്തല, എം.എ. യൂസഫലി, വി.ഡി. സതീശൻ തുടങ്ങി ഒട്ടനവധി പേർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
