Hot Posts

6/recent/ticker-posts

വാക്‌സിന്‍ സ്റ്റോക്കില്ല; നിസ്സഹായരായി സംസ്ഥാനങ്ങള്‍ - BMTV







ന്യൂഡല്‍ഹി: മൂന്നാം ഘട്ട കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി 18 വയസിന് മുകളിലുള്ളവര്‍ക്ക് ഇന്നുമുതല്‍ വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വാക്കില്‍ മാത്രമായി. വാക്‌സിന്‍ സ്റ്റോക്കില്ലാത്തതിനാല്‍ ഇന്ന് പോയിട്ട് ഈ മാസം പോലും 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കുത്തവെപ്പ് തുടങ്ങാനാവില്ലെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളടക്കമുള്ളവയാണ് വാക്‌സിന്‍ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ കേരളത്തിലും ഇന്ന് ആരംഭിക്കാനിരുന്ന പതിനെട്ടിനുമേല്‍ പ്രായമായവര്‍ക്കുള്ള കോവിഡ് പ്രതിരോധ മരുന്നുവിതരണം വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. കമ്പനികളില്‍നിന്ന് നേരിട്ട് ഒരുകോടി ഡോസ് വാങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും വാക്‌സിന്‍ എന്ന് എത്തിക്കാനാകുമെന്ന് കമ്പനികള്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് വാക്‌സിനേഷന്‍ വൈകുന്നത്. സംസ്ഥാനത്തിന് അടിയന്തരമായി 75 ലക്ഷം ഡോസ് വാക്സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വി.പി. ജോയി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തുനൽകിയിരുന്നു .


 50 ലക്ഷം ഡോസ് കോവിഷീൽഡും 25 ലക്ഷം കോവാക്സിനുമാണ് ആവശ്യപ്പെട്ടത്. വാക്സിൻ ലഭ്യമല്ലാത്തതിനാൽ വിതരണം നിർത്തിവെച്ചിരിക്കുകയാണെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 18-45 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് കോവിന്‍ സൈറ്റില്‍ വെള്ളിയാഴ്ച രാവിലെവരെ രജിസ്റ്റര്‍ ചെയ്തത് 2.45 കോടിപേരെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നീ രണ്ട് വാക്‌സിനുകളാണ് രാജ്യത്ത് നിലവില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിമാസം 6-7 കോടി ഡോസാണ് കോവിഷീല്‍ഡ് ഉത്പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉത്പാദന ശേഷി. കോവാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക് ഏപ്രില്‍ മാസത്തില്‍ രണ്ടു കോടി ഡോസ് വാക്‌സിനാണ് ഉത്പാദിപ്പിച്ചത്. മാര്‍ച്ചില്‍ 1.5 കോടി ഡോസായരുന്നു. ആവശ്യമായ വാക്സിന്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും വാക്സിനെടുക്കാനായി ജനങ്ങളാരും  വാക്സിന്‍ കേന്ദ്രങ്ങളിലേക്ക് വരേണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. കമ്പനികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അടുത്ത ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം മൂന്ന് ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുശേഷം ജനങ്ങള്‍ക്ക് ആവശ്യമായ അറിയിപ്പുകള്‍ നല്‍കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.  അതെസമയം സെപ്റ്റംബറില്‍ മാത്രമേ 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കാനാകൂവെന്നാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി കഴിഞ്ഞ ദിവസം അറിയിച്ചത്. അടിയന്തരമായി 25-30 ലക്ഷം വാക്സിന്‍ ലഭിച്ചിട്ടില്ലെങ്കില്‍ മൂന്നാംഘട്ട വാക്സിനേഷന്‍ ആരംഭിക്കാനാകില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു. കോവിഡിന്റെ മൂന്നാംതരംഗത്തെ നേരിടാന്‍ സംസ്ഥാനം തയ്യാറെടുക്കുകയാണെന്നും 12 കോടി ഡോസ് വാക്സിന്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മതിയായ വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ മുംബൈയില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് വാക്സിനേഷന്‍ നിര്‍ത്തിവെച്ചതായി മുംബൈ കോര്‍പ്പറേഷനും അറിയിച്ചിരുന്നു.  കര്‍ണാടകയിലും മൂന്നാംഘട്ട വാക്സിനേഷന്‍ വൈകും. ആവശ്യമായ വാക്സിന്‍ സ്റ്റോക്ക് സംസ്ഥാനത്തില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. ഒരുകോടിയിലേറെ ഡോസ് വാക്സിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ വാക്സിന്‍ ലഭ്യമായിട്ടില്ല. കുത്തിവെപ്പെടുക്കാമെന്ന് കരുതി 18-45 വയസിന് ഇടയിലുള്ളവര്‍ ഒരറിയിപ്പില്ലാതെ വാക്സിന്‍ കേന്ദ്രങ്ങളിലേക്ക് വരേണ്ടെന്നും സുധാകര്‍ അറിയിച്ചു. അഞ്ച് ലക്ഷം വാക്സിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഇതു ലഭ്യമായാല്‍ 18-45 വയസിന് ഇടയിലുള്ളവരുടെ വാക്സിനേഷന്‍ ആരംഭിക്കുമെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പറഞ്ഞു. ആവശ്യമായ വാക്സിന്‍ വിതരണം ചെയ്യാന്‍ വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കാത്തതിനാല്‍ മൂന്നാംഘട്ട വാക്സിനേഷന്‍ ശനിയാഴ്ച ആരംഭിക്കാനാകില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി. 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.  വാക്സിനേഷന്‍ തുടരാനും 18 വയസിന് മുകളിലുള്ളവര്‍ക്ക് കുത്തിവെപ്പ് നല്‍കാനുമായി കേന്ദ്രം മൂന്ന് കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്യണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മൂന്നാംഘട്ട വാക്സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കാനാകില്ലെന്ന് പഞ്ചാബ്, ജാര്‍ഖണ്ഡ് സര്‍ക്കാരുകളും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൂന്നാം ഘട്ട വാക്‌സിനേഷന് വേണ്ട വാക്‌സിന്‍ സ്റ്റോക്കില്ലെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രി അറിയിച്ചു. 
'വാക്സിനായി ആഗോള ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരണമൊന്നുമില്ല. കോവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയും 50 ലക്ഷം ഡോസുകള്‍ക്കായി ഞങ്ങള്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്, എന്നാല്‍ ഞങ്ങള്‍ക്ക് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. നിലവിലെ വാക്‌സിനുകളുടെ സ്റ്റോക്ക് 45-ന് മുകളിലുള്ള ഗ്രൂപ്പിന്റെ രണ്ടാമത്തെ ഡോസ് കവര്‍ ചെയ്യുന്നതിന് മാത്രമേ ലഭ്യമാകൂ'യുപി ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Reactions