കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡില്‍നിന്ന് വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതിയെത്തുടർന്ന് മോട്ടോര്‍ വാഹനവകുപ്പ് കോട്ടയം എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥര്‍ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡില്‍ പരിശോധന നടത്തി.
വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ പരിശോധന നടത്തി. ഈരാറ്റുപേട്ട-എരുമേലി റൂട്ടുകളില്‍ ഓടുന്ന ബസുകള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. വിദ്യാര്‍ഥികളെ കയറ്റാതെ പുറത്തുനിര്‍ത്തുന്നതായും ജീവനക്കാര്‍ മോശമായി പെരുമാറുന്നതായും പരാതി ഉയര്‍ന്നതിനെത്തുടർന്നായിരുന്നു പരിശോധന.
ആദ്യതവണ ബസ് ജീവനക്കാര്‍ക്ക് താക്കീത് നല്‍കി. ഇനിമുതല്‍ പരിശോധനയും നിയമനടപടിയും സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍.ടി.ഒ ടോജോ എം. തോമസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാനവാസ് പി. അഹമ്മദ്, എ.എം.വിമാരായ ജി. ഹരികൃഷ്ണന്‍, അന്‍ഷാദ് എന്നിവരാണ് പരിശോധന നടത്തിയത്.
