അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ പേരുകളിൽ കളർ കോഡും ലോഗോയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന വ്യാജ ഓൺലൈൻ കേന്ദ്രങ്ങൾ ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു. സേവനങ്ങൾക്കായി പൊതു ജനങ്ങൾ നൽകുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി.
ഡിടിപി ജോലികൾ, ഫോട്ടോസ്റ്റാറ്റ് എന്നീ സേവനങ്ങൾ നൽകാൻ ലൈസൻസ് വാങ്ങിയതിനു ശേഷം ചില ഓൺലൈൻ കേന്ദ്രങ്ങൾ സ്വകാര്യ ഐഡി ഉപയോഗിച്ച് പൊതുജനങ്ങൾക്ക് വിവിധ സർക്കാർ സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ നൽകുന്നത് വ്യാപകമാകുന്നതായി അക്ഷയ സംരംഭകരുടെ പരാതികളും ലഭിച്ചിട്ടുണ്ട്.
ഇത്തരം കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും തഹസിൽദാർമാർക്കും കളക്ടർ നിർദ്ദേശം നൽകി. പുതിയ ഓൺലൈൻ കേന്ദ്രങ്ങൾക്ക് അനുമതി ലഭിക്കുമ്പോൾ ലൈസൻസിൽ പരാമർശിച്ച സേവനങ്ങൾ മാത്രമാണോ നൽകുന്നതെന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പരിശോധിക്കണം.
അക്ഷയ സമാന്തരമായ പേര്, കളർകോഡ് എന്നിവ ഉപയോഗിക്കുന്നില്ല എന്നും ഉറപ്പുവരുത്തണം. സർക്കാർ സേവനങ്ങൾ നൽകാൻ അംഗീകാരമുണ്ട് എന്ന വ്യാജേന പ്രവർത്തിക്കുന്ന ഓൺലൈൻ കേന്ദ്രങ്ങളിൽ ഇ- ഡിസ്ട്രിക്ട് ഉൾപ്പെടെയുള്ള സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്നില്ലെന്ന് തഹസിൽദാർമാർ ഉറപ്പുവരുത്തണം.
വ്യക്തിഗത വിവരങ്ങളുമായി അപേക്ഷിക്കാൻ പോകുന്ന കേന്ദ്രങ്ങൾ യഥാർത്ഥ അക്ഷയകേന്ദ്രങ്ങൾ ആണോ എന്ന് പൊതുജനങ്ങൾ ഉറപ്പുവരുത്തണം. സേവനങ്ങൾക്ക് പഞ്ചായത്തിലെ നിലവിലുള്ള കേന്ദ്രങ്ങള് പര്യാപ്തം ആണെങ്കിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ജില്ല ഈ ഗവേണൻസ് സൊസൈറ്റി കത്ത് നൽകിയാൽ മാനദണ്ഡങ്ങൾക്ക് വിധേയമായി പുതിയ അക്ഷയ കേന്ദ്രം അനുവദിക്കുന്നതാണ്.
അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ അറിയിക്കാവുന്നതാണ്. ഫോൺ: 0481- 2574477
ഇ- മെയിൽ: adpoktm@gmail. com
