പാലാ: പാലാ മേഖലയുടെ ജലസേചന കുടിവെള്ള പദ്ധതികൾക്ക് തുരങ്കം വയ്ക്കുകയും പിന്നിൽ നിന്ന് കുത്തുകയും ചെയ്തത് മുൻ ജലസേചന മന്ത്രി പി. ജെ. ജോസഫ് ആയിരുന്നുവെന്ന് പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു. കെ. എം. മാണിയുടെ ഔദാര്യത്തിൽ ജലസേചന മന്ത്രിയായ പി. ജെ. ജോസഫ് പാലായിലെ ഓരോ പദ്ധതിയും മന്ദീഭവിപ്പിക്കുകയാണ് ഉണ്ടായത്.
അതുകൊണ്ടാണ് രാമപുരം ഉൾപ്പെടെയുള്ള നിരവധി പഞ്ചായത്തുകൾ കുടിവെള്ളം ലഭ്യമാക്കുമായിരുന്ന നീലൂർ പദ്ധതിയും മീനച്ചിൽ റിവർ വാലി പദ്ധതിയും നടപ്പാകാതെ വന്നത്. ജോസഫ് വിഭാഗത്തിൽ നിന്നും ജല വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയും കോട്ടയം ജില്ലക്കാരനായിരുന്ന യു. ഡി എഫ് മന്ത്രിയും പദ്ധതികൾ മുsക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച ചരിത്രമാണുള്ളതെന്നും അത് മറക്കരുതെന്നും പാലാക്കാർ പൊറുക്കില്ലെന്നും ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.
പാലാ നിയോജക മണ്ഡലത്തിൽ മൂവാറ്റുപുഴ പദ്ധതിയുടെ കനാൽ പ്രവേശിപ്പിക്കാതെ കനാൽ റൂട്ട് മാറ്റിയതും ജോസഫ് വിഭാഗം മന്ത്രിയാണ്. ഒരു രേഖയിലും ഇല്ലാത്ത കടപ്പാട്ടൂർ കുടിവെള്ള പദ്ധതിയുടെ പേരു പറഞ്ഞ് രാഷ്ട്രീയ സാന്നിദ്ധ്യം അറിയിക്കുവാൻ ജോസഫ് വിഭാഗം നടത്തിയ സമരം പ്രഹസനമാണ് പാലായിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സമരം ഉദ്ഘാടനം ചെയ്ത പി. സി. തോമസ് ഈ മേഖലയിൽ നിന്നുമുള്ള കേന്ദ്ര മന്ത്രിയായിരുന്നുവെന്നുള്ളത് മറക്കരുതെന്നും അന്ന് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി എന്നു ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാലാ മുനിസിപ്പൽ മണ്ഡലം കേരള കോൺ. (എം) ഭാരവാഹികളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു.
