കോട്ടയം: 12 വയസ്സ് മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി മേയ് 10, 12 തീയതികളിൽ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും സംഘടിപ്പിക്കുമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ. ജില്ലയിലെ വാക്‌സിനേഷൻ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന ജില്ലതല അവലോകന യോഗത്തിലാണ് തീരുമാനം.
മാർച്ച് 16-നാണ് 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സംസ്ഥാനത്ത് വാക്‌സിനേഷൻ ആരംഭിച്ചത്. എന്നാൽ, പരീക്ഷക്കാലമായതിനാൽ ഭൂരിഭാഗം കുട്ടികളും ഇതുവരെ ഒന്നാംഡോസ് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജില്ലയിൽ ഇവർക്കായി 10, 12 തീയതികളിൽ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
വാക്‌സിൻ ഇതുവരെ സ്വീകരിക്കാത്തവരും ആദ്യഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയായവരുമായ 12 മുതൽ 14 വയസ്സുള്ള എല്ലാ കുട്ടികളെയും കേന്ദ്രങ്ങളിലെത്തിച്ച് വാക്‌സിൻ നൽകാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. 28 ദിവസത്തിനകം രണ്ടാംഡോസ് കൂടി സ്വീകരിക്കേണ്ടതിനാൽ മധ്യവേനലവധിക്കുശേഷം സ്‌കൂൾ തുറക്കുന്നതോടെ മുഴുവൻ കുട്ടികളുടെയും രണ്ടാംഡോസ് വാക്‌സിനേഷൻ കൂടി പൂർത്തിയാക്കാനും ഇത് സഹായിക്കും.

