തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിന് ജാമ്യം ലഭിച്ചു. വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് ആശാ കോശിയാണ് പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചത്.
സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണത്തെ സ്വാധീനിക്കരുത്, വിദ്വേഷ പ്രസംഗം നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്ന് പുറത്തുവന്ന ശേഷം പി.സി.ജോര്‍ജ് പ്രതികരിച്ചു.
തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണ് തന്റെ അറസ്‌റ്റെന്നും പി സി ജോർജ് പറഞ്ഞു. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ടു പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എആര്‍ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
എആര്‍ ക്യാംപില്‍ വച്ച് തന്നെ വൈദ്യപരിശോധന നടത്തിയ ശേഷം വഞ്ചിയൂരിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. കോടതി അവധിയായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചത്. പി.സി. ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇത് തള്ളിയ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

