കോട്ടയം: ഭാര്യയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കുറിച്ചിത്താനം മണ്ണാക്കനാട് പാറക്കൽ ശിവൻകുട്ടിയെയാണ് മരങ്ങാട്ടുപിള്ളി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഭാര്യയുമായുണ്ടായ തർക്കത്തിനിടെ ഇയാൾ ഭാര്യക്ക് കളനാശിനി കൊടുത്ത് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ശിവൻകുട്ടി പതിവായി ഭാര്യയുമായി വഴക്കിടുമായിരുന്നു. വഴക്കിനിടെ പല തവണ ഭാര്യയെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ 18 ന് പുലർച്ചെ 1.30 ക്ക് പ്രതി ഉറങ്ങിക്കിടന്ന ഭാര്യയുടെ വായിൽ കീടനാശിനി ഒഴിക്കുകയായിരുന്നു. തുടർന്ന് ഭാര്യ ചാടി എഴുന്നേറ്റ് ബഹളം വച്ചതിനെത്തുടർന്ന് മകൻ അമ്മയെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തെതുടർന്ന് മുങ്ങിയ പ്രതിയെ പൊൻകുന്നത്തെ തറവാട് വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എസ് ഐ മാത്യു പിഎം , സിവിൽ പൊലീസ് ഓഫീസർ ഷാജി ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



