പൊൻകുന്നം കാഞ്ഞിരപ്പള്ളി ടൗണുകളിൽ ആരോഗ്യ- ഫിഷറീസ് വകുപ്പുകളും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നു മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 2 കടകളിൽ നിന്നായി 60 കിലോഗ്രാം പഴകിയ മീൻ പിടിച്ചെടുത്തു. പൊൻകുന്നത്ത് കിളിരൂപ്പറമ്പിൽ, കാഞ്ഞിരപ്പള്ളിയിൽ ഹയാത്ത് എന്നീ മത്സ്യവിൽപനക്കടകളിൽ നിന്നാണ് വിൽപനയ്ക്കു വച്ചിരുന്ന പഴകിയ മീൻ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
ട്രോളിങ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പൊൻകുന്നത്ത് മതിയായ രേഖകളില്ലാതെ പ്രവർത്തിച്ച നീണ്ടകര മീൻകട, രേഖകൾ സമർപ്പിക്കുന്നതു വരെ അടച്ചിടാൻ നിർദേശം നൽകി. നിയമലംഘനം കണ്ടെത്തിയ 13 കടകൾക്കു നോട്ടിസ് നൽകി. കുടുതൽ പരിശോധനയ്ക്കായി മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ നിന്നു സാംപിൾ ശേഖരിച്ചതായി അധികൃതർ അറിയിച്ചു.
കാളകെട്ടി ഹെൽത്ത് ഇൻസ്പെക്ടർ ആർ. രാജേഷ്, ജെഎച്ച്ഐമാരായ ടി. സുമേഷ്, ബൈജു ഹാറൂൺ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ തെരേസ് ലിൻ ലൂയിസ്, ആർ. ഐശ്വര്യ, ഫിഷറീസ് ഉദ്യോഗസ്ഥ പ്രേമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



