ഇടത്തരം കുടുംബങ്ങൾക്ക് ആശ്വാസമായി ചെറുമീനുകളുടെ വിലയിൽ വൻ കുറവ്. 200 രൂപയിൽ അധികമായിരുന്ന മത്തിയും അയലയും കിളിയുമെല്ലാം സാധാരണക്കാർക്കു പ്രാപ്യമായ വിലയിലേക്ക് എത്തിയിരിക്കുകയാണ്. വില കുറഞ്ഞതോടെ വിൽപ്പനയും കൂടി.
കാലാവസ്‌ഥയും അനുകൂലമായതോടെ വഴിയോരങ്ങളിൽ തട്ടിട്ട് മീൻ വിൽക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ട്രോളിങ്ങ് നിരോധനം കഴിഞ്ഞിട്ടും മീൻ ലഭ്യത കൂടിയിരുന്നില്ല. അതുകൊണ്ട് തന്നെ വില ഉയർന്നുതന്നെ തുടരുകയായിരുന്നു.
ഇപ്പോൽ കാലാവസ്ഥ അനുകൂലമായി മീൻ വരവ് ഏറുകയും വില കുറയുകയുമാണ് ഉണ്ടായിരിക്കുന്നത്. മത്തിവില 100 രൂപയിലെത്തി. ചെറിയ മത്തി ഒന്നര കിലോയ്‌ക്കു 100 രൂപയ്‌ക്കു വരെ ലഭിക്കുന്ന സ്ഥലങ്ങളുണ്ട്.
അതേസമയം വലിയ മത്തിയ്‌ക്ക് 150- 180 രൂപ വാങ്ങുന്ന കടകളുമുണ്ട്. അയല വിലയും മിക്ക ദിവസങ്ങളിലും ശരാശരി 100 രൂപയാണ്. കിളിവില 100- 150 രൂപയിലാണ്. ശീലാവ്, കടൽവരാൽ,ഒഴുവൽ തുടങ്ങിയവയുടെ വിലയും 150 രൂപയ്‌ക്കു താഴെയാണ്.അതേസമയം വലിയ മീനിന്റെ വിലയിൽ കാര്യമായ കുറവില്ല.
ചെറുമീനിനു വില കുറഞ്ഞതോടെ, ഉച്ചകഴിഞ്ഞു വഴിയോരങ്ങളിൽ ഫ്രഷ് മീൻ വിൽക്കുന്നവരുടെ എണ്ണമേറി. ഹാർബറുകളിൽ നിന്നു സ്‌ഥിരമായി മീനെടുത്തു ഇത്തരം വിൽപ്പനക്കാർക്ക് നല്കുന്നവരുമുണ്ട്. കുറഞ്ഞ വിലയും ഫ്രഷ് മീനുമായതിനാൽ ഇത്തരത്തിലുള്ള വിൽപ്പനയ്‌ക്ക് പ്രിയമേറിയിരിക്കുകയാണ്.





