തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 100 കോടി അനുവദിച്ചു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് വിഹിതത്തില്‍ നിന്നാണ് 100 കോടി അനുവദിച്ചത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി നിര്‍ദ്ദേശിച്ച പരിഷ്‌കരണമായ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം പൂര്‍ണമായും നടപ്പിലാക്കണമെന്ന വ്യവസ്ഥയിന്മേലാണ് 100 കോടി കെ.എസ്.ആര്‍.ടി.സിക്ക് കൈമാറുന്നത്.
തുക കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറുടെ തിരുവനന്തപുരം ട്രഷറി അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ അഞ്ചാം തീയതി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായത്തിനെതിരെ ഭരണാനുകൂല യൂണിയന്‍ ഉള്‍പ്പെടെ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വ്യവസ്ഥയെന്നതാണ് ശ്രദ്ധേയം. അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ ശമ്പളത്തിന്റെ ഒരുഭാഗം കൂപ്പണുകളായി നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് ശ്രമിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഈ നീക്കം. എന്നാല്‍ അതിന് ജീവനക്കാരുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായത്.







