Hot Posts

6/recent/ticker-posts

ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരേ നരഹത്യാക്കുറ്റം ചുമത്തി

ജോമോന്‍

പാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവര്‍ ജോജോ പത്രോസ് എന്ന ജോമോനെതിരേ മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്തു.  കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ജോമോന്റെ അറസ്റ്റ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ്‌ രേഖപ്പെടുത്തിയത്.


ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോന്‍ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ഇക്കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് ആലത്തൂര്‍ ഡിവൈ എസ് പി ആര്‍ അശോകന്‍ അറിയിച്ചു.


കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും ഇരുവാഹനങ്ങള്‍ക്കും ഇടയിലൂടെ കടന്നുപോയ കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു.


ജോമോന്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്ത സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇയാളുടെ രക്തസാംപിള്‍ ശേഖരിച്ചത്. അതിനാല്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനാകുമോയെന്ന് സംശയമുണ്ട്

അപകടത്തിന് പിന്നാലെ ഡ്രൈവറാണെന്ന കാര്യം മറച്ചുവെച്ച് സ്ഥലത്തുനിന്ന് മുങ്ങിയ ജോമോനെ തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ചവറ പോലീസ് പിടികൂടിയത്. ബസിന്റെ ഉടമയേയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇയാള്‍ക്കെതിരേ നിലവില്‍ പോലീസ് കേസെടുത്തിട്ടില്ല.


Reactions