Hot Posts

6/recent/ticker-posts

മോഷണം പോയ ഫോൺ കണ്ടെത്താൻ പൊലീസ് സഹായിച്ചില്ല; തനിയെ കണ്ടെത്തി യുവാവ്; സംഭവം കോട്ടയത്ത്


കോട്ടയം: കള്ളൻ കൊണ്ടുപോയ മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസ് സഹായിക്കില്ലെന്നു മനസ്സിലായതോടെ യുവാവ് സ്വയം അന്വേഷണത്തിനിറങ്ങി. ഫോൺ ഒളിപ്പിച്ചിരിക്കുന്ന സ്ഥലം സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി. 


അവിടെ നിന്നു കിട്ടിയത് വിലപിടിപ്പുള്ള ആറു ഫോണുകൾ കൂടി. എല്ലാ ഫോണുകളും പൊലീസിനു കൈമാറി. നാഗമ്പടം പനയക്കഴുപ്പ് തലവനാട്ടില്ലത്ത് ഗോവിന്ദാണ് (23) പൊലീസിന്റെ റോൾ ഏറ്റെടുത്തത്. 


ഗോവിന്ദിന്റെ മുത്തച്ഛനും സഹോദരിയും മാത്രം വീട്ടിലുള്ളപ്പോൾ 35 വയസ്സ് തോന്നിക്കുന്ന ഒരാൾ വെള്ളം ചോദിച്ചെത്തി. സഹോദരി വെള്ളം എടുക്കാൻ പോയ തക്കത്തിന് ഫോണുമായി ഇയാൾ ഓടിമറഞ്ഞു. 


വെസ്റ്റ് പൊലീസിൽ വിവരം അറിയിച്ചപ്പോൾ സൈബർ സെല്ലിൽ പരാതി കൊടുക്കാനായിരുന്നു നിർദേശം. സൈബർ സെല്ലിൽ വിളിച്ചു. മൂന്നു മണിക്കൂർ കഴിഞ്ഞുവരാനായിരുന്നു മറുപടി. നെറ്റ് കണക്‌ഷൻ ഓഫ് ചെയ്തിരിക്കുന്നതിനാൽ ഫോൺ കണ്ടെത്താൻ കഴിയുന്നില്ലെന്നു പറഞ്ഞ​് സൈബർ സെൽ ഉദ്യോഗസ്ഥർ ഗോവിന്ദിനെ മടക്കി. 


നഷ്ടപ്പെട്ട ഫോണിലേക്കു ഗോവിന്ദ് തുടർച്ചയായി വിളിച്ചു. വൈകുന്നേരത്തോടെ മോഷ്ടാവ് ഫോൺ ഓൺ ചെയ്തതായി മനസ്സിലായി. തുടർന്ന് ഗൂഗിളിൽ ‘ഫൈൻഡ് മൈ ഡിവൈസ്’ സംവിധാനത്തിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ കുറിച്ചിയിലാണു ഫോണിന്റെ ലൊക്കേഷൻ എന്നു മനസ്സിലാക്കി. 


സൈബർ സെല്ലിനെ ഈ വിവരം അറിയിച്ചപ്പോൾ ‘നിങ്ങൾ തന്നെ അന്വേഷിക്കൂ’ എന്നായിരുന്നു മറുപടിയെന്ന് ഗോവിന്ദ് പറയുന്നു. ഗോവിന്ദും സുഹൃത്തുക്കളും കൂടി കുറിച്ചിയിൽ ഫോൺ ഇരിക്കുന്ന സ്ഥലത്തെത്തി. ഗോഡൗണുകൾക്കു സമീപം കാട്ടിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലാണ് മോഷ്ടാവ് ഫോൺ വച്ചിരുന്നത്. 

ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ചപ്പോൾ ഉടൻ വരാമെന്നായിരുന്നു മറുപടി. ഏറെ നേരം കാത്തുനിന്നിട്ടും പൊലീസ് വന്നില്ല. ഒടുവിൽ നാട്ടുകാരെയും കൂട്ടി കാട്ടിൽ തിരഞ്ഞപ്പോൾ കിട്ടിയത് തന്റേതടക്കം 7 ഫോൺ. തുടർന്ന് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി. മോഷ്ടാവിനെ സംബന്ധിച്ചു പൊലീസിന് ഇതുവരെ സൂചനകൾ ലഭിച്ചിട്ടില്ല.

Reactions