Hot Posts

6/recent/ticker-posts

തിരുവാതിര -താലപ്പൊലി മഹോത്സവത്തിന് ഒരുങ്ങി ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം


ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ തിരുവാതിര -താലപ്പൊലി മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ഭാരവാഹികള്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ  27, 28 തീയതികളിലാണ് പ്രധാന ഉത്സവം.


കാല്‍നൂറ്റാണ്ടായി പനച്ചിക്കാട് ശ്രീ സരസ്വതിക്ഷേത്രം മുഖ്യ ആചാര്യന്‍ കീഴ്പ്പുറത്ത് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി വരുന്നത്. ഈ കാലയളവില്‍ 5000-ത്തില്‍ പരം കുട്ടികള്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചനയില്‍ പങ്കെടുത്തിട്ടുണ്ട്. വിദ്യാഗോപാല മന്ത്രാര്‍ച്ചനയില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പനച്ചിക്കാട് ശ്രീ സരസ്വതീ മണ്ഡപത്തില്‍ വിശേഷാല്‍ പൂജ നടത്തിയ സാരസ്വരഘൃതം സൗജന്യമായി വിതരണം ചെയ്യും. 


അന്ന് കുട്ടികളെ എഴുത്തിനിരുത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 
കാവിന്‍പുറം താലപ്പൊലി ഘോഷയാത്രയ്ക്ക് ശേഷം നടത്തുന്ന താലസദ്യയും പ്രത്യേകതയാണ്. താലമെടുപ്പ് ഉത്സവത്തിനെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ഉമാമഹേശ്വരന്‍മാരുടെ പ്രസാദമായാണ് താലസദ്യ വിളമ്പുന്നത്. 


താലസദ്യാ ഊട്ടുപുരയില്‍ ഉമാമഹേശ്വരന്‍മാരുടെ സാന്നിദ്ധ്യമുണ്ടെന്നുമാണ് ഭക്തജന വിശ്വാസം. 27 ന് രാവിലെ 6 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമവും തുടര്‍ന്ന് നവഗ്രഹ ഹോമവുമുണ്ട്. തന്ത്രി നരമംഗലം ചെറിയനീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 


8.30 ന് കലവറ നിറയ്ക്കല്‍. പൂജാകര്‍മ്മങ്ങള്‍ക്കും പ്രസാദമൂട്ടിനും ആവശ്യമായ പൂക്കള്‍, എണ്ണ, കര്‍പ്പൂരം, നാളികേരം, പച്ചക്കറികള്‍, അരി തുടങ്ങിയവ ഭക്തജനങ്ങള്‍ സമര്‍പ്പിക്കും. 9.30 ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. 11 ന് പാലാ കെ.ആര്‍. മണി അവതരിപ്പിക്കുന്ന ഓട്ടന്‍തുളളല്‍ അരങ്ങേറും. 12.30 ന് പ്രസാദമൂട്ട്.വൈകിട്ട് 5.30 ന് നടക്കുന്ന തിരുവാതിരകളി വഴിപാട് ഗവ. ചീഫ് വിപ്പ് പ്രൊഫ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിക്കും. 

വിവിധ ജില്ലകളില്‍ നിന്നായി 25 ടീമുകളാണ് തിരുവാതിരകളി വഴിപാട് മത്സരത്തില്‍ പങ്കെടുക്കുന്നത്. 6.30 ന് വിശേഷാല്‍ ദീപാരാധന. 28 നാണ് പ്രസിദ്ധമായ കാവിന്‍പുറം താലപ്പൊലി ഘോഷയാത്ര. രാവിലെ 7 ന് ഉദയാസ്തമനപൂജ ആരംഭിക്കും.8 മുതല്‍ പുരാണ പാരായണം, 12.30 മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് ഏഴാച്ചേരി തെക്ക് പാറപ്പറമ്പില്‍ നിന്നും വടക്ക് കൊടുങ്കയത്തില്‍ നിന്നും കാവിന്‍പുറം താലപ്പൊലി ഘോഷയാത്ര ആരംഭിക്കും. കാണിക്കമണ്ഡപം ജംഗ്ഷനില്‍ ആയാംകുടി തങ്കപ്പമാരാരുടെ നേതൃത്വത്തില്‍ താലപ്പൊലി എതിരേല്പ് പഞ്ചാവാദ്യവും അരങ്ങേറും. 

ഇരുദിക്കുകളില്‍ നിന്നുമുള്ള ഘോഷയാത്ര കാണിക്കമണ്ഡപം ജംഗ്ഷനില്‍ സംഗമിച്ച് മഹാഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് നീങ്ങും. 8.30 ന് വെടിക്കെട്ട്. 8.45 ന് താലസദ്യ. 9.30 ന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള എന്നിവയാണ് പ്രധാന പരിപാടികളെന്ന് ദേവസ്വം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, പി.എസ്. ശശിധരന്‍, ജയചന്ദ്രന്‍ വരകപ്പള്ളില്‍, ആര്‍. സുനില്‍ കുമാര്‍ തുമ്പയില്‍, സി.ജി വിജയകുമാര്‍ എന്നിവര്‍ പറഞ്ഞു.

Reactions